..:: In the name of Allah, Most Gracious, Most Merciful :: Welcome to Quran Lalithasaram Malayalam website ::..
 
 









വിവാഹമോചനം

  • ഇസ്ലാമിക വീക്ഷണത്തില്‍ വിവാഹം വിശുദ്ധമായ ഉടമ്പടിയാണ്. സുദൃഢമായ കരാര്‍. "സ്ത്രീകള്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്''(ഖുര്‍ആന്‍: 4: 21).
    മനുഷ്യന്‍ പാലിക്കാന്‍ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകന്‍ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാന്‍ നിങ്ങള്‍ ചെയ്ത കരാറാണ് ഉടമ്പടികളില്‍ നിറവേറ്റാന്‍ ഏറ്റം ബാധ്യസ്ഥമായത്''(ബുഖാരി).
    വിവാഹത്തിലൂടെ അല്ലാഹു സ്ത്രീയെയും പുരുഷനെയും പരസ്പരം ബന്ധിപ്പിക്കുന്നു. അതിനുശേഷം അവരെ ഓരോരുത്തരെയും 'ഇണ'യെന്നാണ് വിളിക്കുക. അതിനുമുമ്പ് അവര്‍ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു. വിവാഹത്തോടെ അവര്‍ ഇണകളാകുന്നു. ഇരുവരും പരസ്പരം പ്രതിനിധീകരിക്കുന്നു. തന്നോടൊപ്പം മറ്റൊരാളുടെ കൂടി വേദനകളും പ്രതീക്ഷകളും സുഖ-ദുഃഖങ്ങളും പങ്കിടുന്നു. ഭരിക്കുന്നവന്‍ എന്നര്‍ഥം വരുന്ന 'ഭര്‍ത്താവ്', ഭരിക്കപ്പെടുന്നവളെന്നര്‍ഥമുള്ള 'ഭാര്യ' എന്നീ പദങ്ങള്‍ ഖുര്‍ആന്ന് തീര്‍ത്തും അന്യമാണ്. ഉയര്‍ന്ന സ്നേഹബന്ധത്തെയും പരസ്പര ലയനത്തെയും ഉള്‍ച്ചേരലിനെയും പ്രതിനിധീകരിക്കുന്ന 'ഇണ'(സൌജ്)കളെന്ന ഖുര്‍ആനിക പദപ്രയോഗം പോലും ഉന്നതമായൊരു സംസ്കൃതിയെയാണ് പ്രതിനിധീകരിക്കുന്നത്.

    വിവാഹം

    ലൈംഗിക വികാരങ്ങളുടെ പൂര്‍ത്തീകരണത്തിന് വ്യക്തമായ നിയന്ത്രണവും ക്രമവും അനിവാര്യമാണ്. അത്യപൂര്‍വം അരാജകവാദികളല്ലാത്തവരൊക്കെയും ഇത് അംഗീകരിക്കുന്നു. താന്തോന്നികളും തെമ്മാടികളുമായ അത്തരക്കാരെ സമൂഹം എക്കാലവും അവഗണിക്കാറാണ് പതിവ്.
    ഇണകളുടെ കൂട്ടുജീവിതത്തിനും ലൈംഗികവേഴ്ചക്കും സാമൂഹികാംഗീകാരവും വ്യവസ്ഥാപിതത്വവും നല്‍കുന്ന മഹത്കൃത്യമാണ് വിവാഹം. അത് തീര്‍ത്തും ദൈവനിര്‍ദിഷ്ഠവും മതപരവുമാണെങ്കിലും ഈശ്വരവിശ്വാസമില്ലാത്തവരും മതനിഷേധികളും പ്രായോഗിക ജീവിതത്തില്‍ അത് അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. അതുകൊണടുതന്നെ വിവാഹബാഹ്യ ബന്ധങ്ങളെ അതിലേര്‍പ്പെടുന്നവര്‍ പോലും നിന്ദ്യമായി ഗണിക്കുന്നു.
    സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. പൊരുത്തമുള്ള ദാമ്പത്യമാണ് പക്വമായ തലമുറക്ക് തൊട്ടിലൊരുക്കുന്നത്. ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകള്‍ കുടുംബഘടനയെ തകര്‍ക്കും. ആരോഗ്യകരമായ സാമൂഹിക സംവിധാനത്തിന് ഭദ്രമായ കുടുംബവ്യവസ്ഥ അനിവാര്യമാണ്.
    കേവലമായ ലൈംഗികവേഴ്ചയല്ല ദാമ്പത്യം. തീര്‍ച്ചയായും ദാമ്പത്യത്തില്‍ ഇണചേരലിന് വമ്പിച്ച പ്രാധാന്യമുണട്. എന്നാല്‍ അത് വെറും ശാരീരിക ബന്ധമോ നൈമിഷികമായ ഏര്‍പ്പാടോ അല്ല. ഭിന്നമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന രണടു വ്യക്തികള്‍ ആയുഷ്കാലം മുഴുവനും ഒത്തൊരുമിച്ച് ജീവിക്കലാണ്. വരുംതലമുറയുടെ അസ്തിവാരമായി വര്‍ത്തിക്കലാണ്. അതുകൊണടുതന്നെ ദാമ്പത്യം വലിയ കലയാണ്. അതിന് വഴിയൊരുക്കുന്ന വിവാഹം ഏറെ കരുതലോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കേണട കാര്യവും.
    ഇസ്ലാം മുന്നോട്ടുവെക്കുന്ന ദാമ്പത്യം ഭൌതികശാസ്ത്രമായ ഗണിതത്തിന്റെ മാനദണ്ഡങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കണക്കു പുസ്തകത്തിന്റെ ഭാഷയില്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ രണടാണല്ലോ. ഇസ്ലാം പഠിപ്പിക്കുന്ന ദാമ്പത്യത്തിന്റെ ലോകത്ത് ഒന്നും ഒന്നും ചേര്‍ന്നാല്‍ 'ഇമ്മിണി വലിയ ഒന്നാ'ണ്. രണടു മഹാ പ്രവാഹങ്ങള്‍ ചേര്‍ന്ന് ഒന്നാകുന്നപോലെ രണടു ജീവിതങ്ങള്‍ ചേര്‍ന്ന് ഒന്നായി മാറുന്ന വിസ്മയകരവും വിവരണാതീതവുമായ പ്രക്രിയയാണത്. ഖുര്‍ആന്‍ പുരുഷനെ സ്ത്രീയുടെയും സ്ത്രീയെ പുരുഷന്റെയും വസ്ത്രമായി വിശേഷിപ്പിക്കാനുള്ള കാരണവും അതുതന്നെ (2: 187). വിവാഹ ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹ-കാരുണ്യ- വാല്‍സല്യ വികാരങ്ങളായിരിക്കണമെന്ന് അതാവശ്യപ്പെടുന്നു (30: 21). സ്നേഹിക്കപ്പെടുന്നതിനുവേണടി സര്‍വതും സമര്‍പ്പിക്കാന്‍ ഏതു മനുഷ്യനും സന്നദ്ധനായിരിക്കും. അതിനാല്‍ പാവനമായ സ്ത്രീ-പുരുഷ ബന്ധത്തിന് പക്വതയെത്തിയ പ്രേമമാണാവശ്യം. അതുണടാകുമ്പോഴാണ് ഇണയുടെ ആവശ്യം അന്വേഷിച്ചറിഞ്ഞ് അത് പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ദമ്പതികള്‍ തിടുക്കം കാട്ടുക. പരസ്പര സ്നേഹമുള്ളവര്‍ സ്വാര്‍ഥം വെടിഞ്ഞ് തന്റെ ഇണയുടെ സുഖത്തിലും സന്തോഷത്തിലും ശ്രദ്ധ പതിപ്പിക്കുന്നു. അന്യോന്യം ചേര്‍ന്നു നീങ്ങുന്നതില്‍ നിതാന്തമായ നിര്‍വൃതി കണെടത്തുന്നു. പക്വമായ സ്നേഹം ക്രമേണ വളരുകയാണ് ചെയ്യുക. പരസ്പര വിശ്വാസത്തിന്റെയും മറ്റു മാനുഷിക പരിഗണനകളുടെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയ സ്നേഹബന്ധം ദമ്പതികളെ അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിക്കാനും പ്രാരാബ്ധങ്ങള്‍ മനഃപ്രയാസമില്ലാതെ പരിഹരിക്കാനും പ്രേരിപ്പിക്കുന്നു.

     

    ദാമ്പത്യം ധന്യമാകാന്‍

    കാലവര്‍ഷത്തിന് കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ പുരുഷന്റെ പ്രേമത്തിനും സല്‍പ്പെരുമാറ്റത്തിനും പ്രതീക്ഷ പുലര്‍ത്തുന്ന പ്രകൃതമാണ് പെണ്ണിന്റേത്. അതിനാല്‍, അവരോടുള്ള സമീപനം അത്തരത്തിലായിരിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്നു: "അവരോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക''(ഖുര്‍ആന്‍ 4: 19).
    സ്ത്രീകള്‍ പുരുഷന്മാരില്‍ അര്‍പ്പിക്കപ്പെട്ട അല്ലാഹുവിന്റെ അമാനത്താണ്. മുഹമ്മദ്നബി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: "സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹുവില്‍നിന്നുള്ള അമാനത്തായാണ് അവര്‍ നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്''(തിര്‍മിദി).
    അതിനാല്‍, അവരുമായി ഏറ്റം നന്നായി വര്‍ത്തിക്കുന്നവരാണ് ഉല്‍കൃഷ്ടരും മാന്യന്മാരും. പ്രവാചകന്‍ പറയുന്നു: "നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റം നന്നായി പെരുമാറുന്നവരാണ്''(അഹ്മദ്, തിര്‍മിദി).
    പുരുഷനെ അപേക്ഷിച്ച് സ്ത്രീ അബലയാണ്. അതിനാല്‍, അവളെ അടിച്ചമര്‍ത്തി ദ്രോഹിക്കാവതല്ല. "അവരെ കഷ്ടപ്പെടുത്താനായി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്''(ഖുര്‍ആന്‍ 65: 6).
    ഇസ്ലാമിക വീക്ഷണത്തില്‍ വിവാഹബന്ധം അനശ്വരമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ കരാറാണത്. അതുകൊണടുതന്നെ സമയനിര്‍ണയ ബന്ധമോ താല്‍ക്കാലിക ഉടമ്പടിയോ ഇസ്ലാം അംഗീകരിക്കുന്നില്ല. ഒട്ടേറെ പ്രതീക്ഷകളും അവാച്യമായ അഭിലാഷങ്ങളുമായാണ് മനുഷ്യന്‍ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നോളം അപരിചിതമായ ആ ലോകത്തേക്ക് കടന്നുചെല്ലുമ്പോഴുണടാകുന്ന ആഗ്രഹങ്ങളും അനുഭൂതികളും അവര്‍ണനീയം തന്നെ. തിങ്ങി വിങ്ങുന്ന വികാരവായ്പോടും അലതല്ലുന്ന ആവേശത്തോടും അനല്‍പമായ ആഹ്ളാദത്തോടുംകൂടിയാണ് ദാമ്പത്യാരാമത്തിലേക്ക് പ്രവേശിക്കുക. സുന്ദരസ്വപ്നങ്ങളും മധുരമോഹങ്ങളും സ്വാഭാവികം മാത്രമാണ്.
    എന്നാല്‍, എല്ലായ്പോഴും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടണമെന്നില്ല. യാഥാര്‍ഥ്യങ്ങള്‍ സങ്കല്‍പങ്ങളില്‍നിന്ന് ഭിന്നമായേക്കാം. പ്രായോഗികലോകത്തിന് പരിചയമില്ലാത്ത പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചവര്‍ സര്‍വസാധാരണമായ സൌന്ദര്യപ്പിണക്കങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്നു. അഭിരുചികളില്‍ അന്തരവും ആശയാഭിപ്രായങ്ങളില്‍ വ്യത്യാസവും വീക്ഷണങ്ങളില്‍ വൈജാത്യങ്ങളും ഉള്ളവര്‍ ഒത്തുചേരുമ്പോള്‍ സ്വാഭാവികമായും ചില ഭിന്നതകളെല്ലാം ഉയര്‍ന്നുവന്നേക്കാം. ഈ ഘട്ടത്തില്‍ ഇസ്ലാം ഇടപെടുന്നു. ദാമ്പത്യ ബന്ധത്തിന് തട്ടലും മുട്ടലുമേറ്റ് ആട്ടവും ഇളക്കവും സംഭവിച്ച് കീറലും പോറലും ഏല്‍ക്കാന്‍ അനുവദിക്കാതെ കാത്തുസൂക്ഷിക്കുന്നു. സഹനവും വിട്ടുവീഴ്ചയും കാണിക്കാന്‍ ആവശ്യപ്പെടുന്നു: "നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യുന്നുവെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു''(ഖുര്‍ആന്‍ 64: 14).
    നബി പറയുന്നു: "ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അവളുടെ ഒരു സ്വഭാവം അയാളെ വെറുപ്പിച്ചാല്‍ മറ്റൊന്ന് തൃപ്തിപ്പെടുത്തുന്നതാണ്''(മുസ്ലിം).
    എല്ലായ്പോഴും ഭാര്യയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഭര്‍ത്താവിന് സാധിക്കണമെന്നില്ല. അപ്രകാരം തന്നെ അയാളുടെ പല പെരുമാറ്റ രീതികളും സ്വഭാവ സമ്പ്രദായങ്ങളും അവള്‍ സങ്കല്‍പലോകത്ത് കരുതിവെച്ച ജീവിതപങ്കാളിയുടേതില്‍നിന്ന് ഭിന്നമായേക്കാം. അതോടെ അവളുടെ മനോഹരമായ മുഖത്തെ മന്ദഹാസം മാഞ്ഞുപോകുന്നു. അവിടം വീര്‍ക്കുകയും കറുക്കുകയും ചെയ്യുന്നു. അപ്പോഴേക്കും പുരുഷന്റെ കണ്ണ് ചുവക്കുന്നു. അധികം താമസിയാതെ അത് തെളിയണം. അതിനായി പെണ്ണിന്റെ മുഖത്തെ കാറ് നീങ്ങി പുഞ്ചിരി പ്രകടമാകണം. അതിനാല്‍, ഇസ്ലാം അവളെ ഓര്‍മപ്പെടുത്തുന്നു: "ഭര്‍ത്താവിന്റെ ദുര്‍ഗുണങ്ങള്‍ സഹിക്കാന്‍ സാധിക്കുന്ന സ്ത്രീക്ക് ഫറവോന്റെ ഭാര്യ ആസ്യയ്ക്ക് ലഭിക്കുന്ന മഹത്തായ പ്രതിഫലം കിട്ടും'' (നബിവചനം).
    ഭാര്യയില്‍ അനിഷ്ടകരമായ പെരുമാറ്റങ്ങള്‍ പ്രകടമാകുമ്പോള്‍ പുരുഷന്‍ കോപാകുലനാകുന്നു. അവന്റെ നാവ് നിയന്ത്രണാതീതമാകുന്നു. അത് ദാമ്പത്യവല്ലരി വാടാനിടയാക്കുന്നു. അതിനാല്‍ നബി പറയുന്നു: "ഭാര്യയെ അസഭ്യം പറയരുത്'' (അഹ്മദ്, അബൂദാവൂദ്).
    "നിങ്ങളില്‍ ഏറ്റം നല്ലവന്‍ തന്റെ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്. നിങ്ങളില്‍ തന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ഞാന്‍'' (മുസ്ലിം).
    സ്ത്രീകളുടെ തരളപ്രകൃതിയുടെ ഫലമായി അവരില്‍ പല പോരായ്മകളും പ്രകടമായേക്കാം. അത് പുരുഷനെ പ്രകോപിതനാക്കുകയും പകയോടെ പെരുമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അത് ഒഴിവാക്കാനായി അലോസരപ്പെടുത്തുന്ന അത്തരം ദൌര്‍ബല്യങ്ങള്‍ അവഗണിച്ച് ആനന്ദദായകമായ കാര്യങ്ങള്‍ കണക്കിലെടുക്കാന്‍ ഇസ്ലാം ആവശ്യപ്പെടുന്നു: "അഥവാ നിങ്ങള്‍ അവരെ വെറുക്കുന്നുവെങ്കില്‍ നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചുവെച്ചെന്ന് വരാവുന്നതാണ്'' (ഖുര്‍ആന്‍ 4: 19).
    ദാമ്പത്യജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വളരെ സ്നേഹത്തോടും സൌമനസ്യത്തോടും വര്‍ത്തിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ബാധ്യതകളെക്കുറിച്ച് ശരിക്കും ബോധവാന്മാരായിരിക്കണമെന്നും അത് ഉണര്‍ത്തുന്നു. തിരുമേനി അരുള്‍ ചെയ്യുന്നു: "നിങ്ങളെല്ലാം ഭരണാധികാരികളാണ്. തങ്ങളുടെ താഴെയുള്ളവരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും..... പുരുഷന്‍ തന്റെ കുടുംബത്തിലെ മേല്‍നോട്ടക്കാരനാണ്. അയാള്‍ തന്റെ കീഴിലുള്ളവരുടെ കാര്യത്തില്‍ വിചാരണക്ക് വിധേയനാകും. സ്ത്രീ ഭര്‍ത്തൃഗൃഹത്തിലെ കാര്യസ്ഥയാണ്. അവളും തന്റെ നിയന്ത്രണത്തിലുള്ളവരെ സംബന്ധിച്ച് ചോദിക്കപ്പെടും'' (ബുഖാരി).

     

    പ്രശ്നങ്ങളുണടായാല്‍

    എന്തൊക്കെയായാലും ചിലപ്പോള്‍ ദാമ്പത്യബന്ധത്തില്‍ വഴക്കും വക്കാണവും ഉണടാവും. അത് വൈവാഹികജീവിതത്തില്‍ വിള്ളലുണടാക്കുകയും ചെയ്യും. മനുഷ്യര്‍ വിവിധ പ്രകൃതക്കാരും വ്യത്യസ്ത സ്വഭാവക്കാരുമാണല്ലോ. ചില സ്ത്രീകള്‍ നിസ്സാര കാര്യങ്ങള്‍ക്ക് കലമ്പലുകളുണടാക്കും. പുരുഷനോട് പിണങ്ങി മുഖം വീര്‍പ്പിച്ച് നടക്കും. അത്തരക്കാരോട് അതേ രീതിയില്‍ പ്രതികരിച്ചാല്‍ അകല്‍ച്ച വര്‍ധിക്കും. ബന്ധം അറ്റുപോവാന്‍ ഇടയാകും. ഇത്തരം ഘട്ടങ്ങളില്‍ പുരുഷന്‍ കൂടുതല്‍ പക്വത കാണിക്കുകയും വിവേകപൂര്‍വം പെരുമാറുകയും വേണം. സ്നേഹമസൃണമായ ശൈലിയില്‍ സദുപദേശങ്ങള്‍ നല്‍കണം. തെറ്റുകള്‍ ചൂണടിക്കാണിച്ചുകൊടുക്കണം. പോരായ്മകള്‍ അവരെ ബോധ്യപ്പെടുത്തണം. ദുര്‍ഗുണങ്ങള്‍ തുടര്‍ന്നാലുണടാകുന്ന ദുരന്തങ്ങള്‍ വിശദീകരിക്കുകയും ഇരുലോകത്തും വന്നേക്കാവുന്ന വിപത്തുകളെക്കുറിച്ച് ഉണര്‍ത്തുകയും വേണം. "സ്ത്രീകള്‍ വഴങ്ങാതെ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അവരെ ഉപദേശിക്കുക''(4: 34).
    നിരന്തരമായും അടുത്തടുത്തുമുള്ള ഗുണദോഷിക്കലുകള്‍ ചിലപ്പോള്‍ ഫലം ചെയ്തേക്കും. യുക്തിപൂര്‍വമായ പെരുമാറ്റങ്ങളും ഗുണകാംക്ഷാനിരതമായ ഉപദേശങ്ങളും അവരുടെ അന്തരംഗത്ത് ആഴ്ന്നിറങ്ങുകയും തദ്ഫലമായി നേര്‍വഴിക്കു വരുകയും ചെയ്യാന്‍ ഏറെ സാധ്യതകളുണട്.
    സമൂഹത്തിന് നേതാവും രാഷ്ട്രത്തിന് അധികാരിയുമെന്നപോലെ കുടുംബത്തിന് ഒരു നാഥനും അനിവാര്യമാണ്. ആപേക്ഷികമായി കൂടുതല്‍ കരുത്തുള്ളവനെന്ന നിലക്ക് പുരുഷനിലാണ് ഇസ്ലാം ഈ ചുമതല ഏല്‍പിക്കുന്നത്. അതുകൊണടുതന്നെ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കാനും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും പുരുഷന്‍ കൂടുതല്‍ ബാധ്യസ്ഥനാണ്.
    സദുപദേശങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ രണടാമത്തെ മാര്‍ഗം പ്രയോഗിക്കേണടതാണ്. അത് തികച്ചും മനശ്ശാസ്ത്രപരവുമാണ്. കിടപ്പറയില്‍ പിണക്കം കാണിച്ച് മാറിക്കിടക്കലാണത്. പുരുഷനെ പതുക്കെ ഇക്കിളിപ്പെടുത്തി തന്നില്‍ താല്‍പര്യം ജനിപ്പിച്ച് ആകര്‍ഷിച്ചെടുക്കാനുള്ള കഴിവാണല്ലോ സ്ത്രീയുടെ കൈയിലെ കടുപ്പമുള്ള ആയുധം. വശീകരിച്ച് വഴിപ്പെടുത്താനുള്ള സ്ത്രീയുടെ വിദ്യയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. തയ്യാറായി ഭര്‍ത്താവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടും, ഭോഗേച്ഛയുടെ കുതിച്ചുകയറ്റത്തില്‍ പലപ്പോഴും എല്ലാം മറന്ന് തന്നില്‍ ലയിച്ചുചേര്‍ന്ന പുരുഷന്‍ തൊട്ടരികില്‍ തന്നെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ സുഖനിദ്രകൊള്ളുക; അതോടെ തന്റെ ആയുധത്തിന്റെ മൂര്‍ച്ച അദ്ദേഹത്തിന്റെ മനക്കരുത്തിന്റെയും ആത്മസംയമനശക്തിയുടെയും മുമ്പില്‍ ഒന്നുമല്ലെന്ന ബോധം അവളുടെ അന്തരംഗത്ത് അങ്കുരിക്കുന്നു. ഭര്‍ത്താവിന് വിധേയയാകുകയല്ലാതെ മാര്‍ഗമില്ലെന്ന് മനസ്സിലാക്കുകയും അയാള്‍ക്ക് വഴങ്ങുകയും ചെയ്യുന്നു. അതിനാല്‍ അനുസരണക്കേടും അലോസരപ്പെടുത്തുന്ന പെരുമാറ്റങ്ങളുമുള്ള സ്ത്രീകളോട് സ്വീകരിക്കേണട രണടാമത്തെ നടപടി ഇതാണ്: "കിടപ്പറയില്‍ അവരുമായി അകന്നുനില്‍ക്കുക'' (4: 34).

     

    അനുരഞ്ജനശ്രമം

    ദാമ്പത്യം നല്ല നിലയില്‍ നിലനിര്‍ത്താന്‍ നിര്‍ദേശിച്ച എല്ലാ മാര്‍ഗങ്ങളും യുക്തവും സമര്‍ഥവുമായ നിലയില്‍ പ്രയോഗിച്ചിട്ടും അസ്വാരസ്യം അവസാനിക്കാത്ത അവസ്ഥകളുണടായേക്കാം. ഇങ്ങനെ പിണക്കം ശക്തമാവുകയും പരസ്പരം പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുകയും ചെയ്താലും പെട്ടെന്ന് വിവാഹമോചനത്തിലേക്ക് എടുത്തുചാടരുത്. അത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കേണടതുണട്. ഇരുവരുടെയും കുടുംബാംഗങ്ങളില്‍നിന്ന് ഓരോ മധ്യസ്ഥന്മാരെ തെരഞ്ഞെടുക്കുകയും അവര്‍ പ്രശ്നപരിഹാരത്തിനായി കഴിയാവുന്നത്ര യത്നിക്കുകയും വേണം. കുടുംബങ്ങളിലെ കാരണവന്മാരാണ് മധ്യസ്ഥന്മാരെ തെരഞ്ഞെടുക്കേണടത്.
    വിവാഹമോചനം തീരുമാനിക്കപ്പെടുന്നതിനു മുമ്പ് ഇത്തരം ഒരനുരഞ്ജനശ്രമം നടത്തല്‍ നിര്‍ബന്ധമാണ്. അത് ഐച്ഛികമല്ലെന്നും മറിച്ച്, അനിവാര്യമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: "ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വേര്‍പിരിയലിനെക്കുറിച്ച് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അവന്റെ പക്ഷത്തുനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ പക്ഷത്തുനിന്ന് ഒരു മധ്യസ്ഥനെയും നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് കാംക്ഷിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ ഐക്യത്തിന് വഴിവെക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു അഭിജ്ഞനും സൂക്ഷ്മജ്ഞനുമത്രെ'' (ഖുര്‍ആന്‍ 4: 35).
    മധ്യസ്ഥന്മാര്‍ അവസാനനിമിഷംവരെ അനുരഞ്ജനത്തിനാണ് ശ്രമിക്കേണടത്. വേര്‍പിരിക്കല്‍ ലക്ഷ്യമാക്കരുത്. ഒരിക്കല്‍, മധ്യസ്ഥ ശ്രമത്തിന് നിയോഗിക്കപ്പെട്ട ഉമര്‍ തന്റെ ദൌത്യം വിജയിക്കുന്നില്ലെന്നറിയിച്ചപ്പോള്‍ നബി കോപിക്കുകയും ആത്മാര്‍ഥമായി തുടര്‍ന്നാല്‍ അല്ലാഹു വിജയിപ്പിക്കുമെന്ന് പറയുകയുമാണുണടായത്. ഭര്‍ത്താവിന് ഭാര്യയെ സംബന്ധിച്ച് പരാതികളുണടാവുന്നപോലെ ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ചും ന്യായമായ ആവലാതികള്‍ ഉണടാകാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പരാതിക്ക് പരിഹാരം കാണാനും തനിക്ക് നിഷേധിക്കപ്പെട്ട നീതി ഉറപ്പുവരുത്തിക്കൊണട് അനുരഞ്ജനം സാധിക്കാനും സ്ത്രീക്കുതന്നെ മധ്യസ്ഥശ്രമത്തിന് മുന്‍കൈയെടുക്കാവുന്നതാണ്.
    ഇസ്ലാമിക ഭരണകൂടത്തിന്റെയും കോടതികളുടെയും അഭാവത്തില്‍ പള്ളി മഹല്ല് ഭാരവാഹികളും ഖാദിമാരുമാണ് അനുരഞ്ജനശ്രമത്തിന് നേതൃത്വം നല്‍കേണടത്.

     

    കോപിഷ്ടമായ കാര്യം

    മധ്യസ്ഥശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. യോജിപ്പിനുള്ള സകല സാധ്യതകളും അവസാനിച്ചു. അതോടെ പിരിയുകയല്ലാതെ മാര്‍ഗമില്ലെന്നായി. ഇത് ഇരു വിഭാഗങ്ങള്‍ക്കും ബോധ്യമായി. അതിനാല്‍, ദാമ്പത്യം ബന്ധമെന്നതിനെക്കാള്‍ അതിവേഗം അഴിച്ചുമാറ്റേണട ബന്ധനമായി മാറുന്നു. ഇത്തരം അനിവാര്യ സാഹചര്യങ്ങളില്‍ ഇസ്ലാം വിവാഹമോചനം അനുവദിക്കുന്നു. എന്നാല്‍, അതിന് ഇടവരാതിരിക്കാന്‍ ഇരുകക്ഷികളും പരമാവധി ശ്രദ്ധിക്കേണടതാണ്. പ്രവാചകന്‍ പറയുന്നു: "അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ'' (അബൂദാവൂദ്, ഇബ്നുമാജ, ഹാകിം).
    "അല്ലാഹു, വിവാഹമോചനത്തേക്കാള്‍ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല''(ദാറഖുത്നി)
    ഹദ്റത്ത് അലി പറയുന്നു: "നിങ്ങള്‍ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തില്‍ പോലും ഞെട്ടലുണടാക്കും'' (ഖുര്‍തുബി, ഭാഗം: 18, പേജ് 149).
    ആസ്വാദനാവശ്യാര്‍ഥം മാറിമാറി കല്യാണം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണ്. നബി അത് കടുത്ത ഭാഷയില്‍ വിലക്കിയിട്ടുണട്: "നിങ്ങള്‍ വിവാഹം കഴിക്കുക. മൊഴി ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാര്‍ഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല'' (ദാറഖുത്നി).
    ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകന്‍ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു: "ഞാന്‍ നിങ്ങളോടൊപ്പം ഉണടായിരുന്നിട്ടുകൂടി ദൈവികഗ്രന്ഥംകൊണട് കളിക്കുകയോ?'' (നസാഈ).
    സാധുവാകാത്ത ത്വലാഖുകള്‍
    1. സ്വയം ഇഷ്ടമില്ലാതെ പിതാവിന്റെയോ ബന്ധുക്കളുടെയോ മറ്റാരുടെയുമെങ്കിലോ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍വഹിക്കുന്നവ.
    2. ലഹരിബാധിതന്റെയോ ഭ്രാന്തന്റെയോ വിവാഹമോചനം.
    3. കുപിതന്റെ ത്വലാഖ്. അമിതമായ ദേഷ്യത്താല്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും അറിയാത്ത അവസ്ഥയില്‍ നടത്തുന്ന വിവാഹമോചനം സാധുവാകയില്ല. പ്രവാചകന്‍ പറയുന്നു: "മനസ്സ് മൂടപ്പെട്ട അവസ്ഥയിലെ അടിമത്ത വിമോചനവും മൊഴിചൊല്ലലും സാധുവാകയില്ല'' (അഹ്മദ്, അബൂദാവൂദ്, ഹാകിം, ഇബ്നുമാജ).
    അലി പറയുന്നു: "വാക്കേറ്റവും ദേഷ്യവും കാരണമായുള്ള ത്വലാഖ് വഴി ആരെങ്കിലും ഒരു പുരുഷനെയും അവന്റെ ഭാര്യയെയും വേര്‍പെടുത്തുകയാണെങ്കില്‍ അല്ലാഹു അന്ത്യദിനത്തില്‍ അവനെയും അവന്റെ കൂട്ടുകാരെയും തമ്മില്‍ അകറ്റുമെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.''
    4. തമാശയായി ചെയ്യുന്നവ: ബോധപൂര്‍വമല്ലാതെ തമാശക്കോ അബദ്ധത്തിലോ വിവാഹമോചനം നടത്തിയാല്‍ അതിന് നിയമപ്രാബല്യമുണടാവില്ലെന്നാണ് പ്രാമാണികരായ പല പണ്ഡിതന്മാരുടെയും അഭിപ്രായം-നമ്മുടെ നാട്ടാചാരം മറിച്ചാണെങ്കിലും!
    5. പരിഭ്രാന്തി ബാധിച്ചവന്റെ വിവാഹമോചനം. യഥാര്‍ഥമായ വിവേചനബുദ്ധിയും കാര്യബോധവും നഷ്ടപ്പെടുംവിധം വിഭ്രാന്തി ബാധിച്ചവന്റെ ത്വലാഖ് സാധുവാകയില്ലെന്നാണ് മിക്ക പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
    അതിനാല്‍, അറിവും വിവേകവും സ്വാതന്ത്യ്രവുമുള്ള സന്ദര്‍ഭങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന വിവാഹമോചനങ്ങള്‍ മാത്രമേ സാധുവാകയുള്ളൂ.

     

    നിഷിദ്ധഘട്ടങ്ങള്‍

    അനിവാര്യമായ അവസ്ഥ ഇല്ലെങ്കില്‍ വിവാഹമോചനം നിഷിദ്ധവും നിരോധിക്കപ്പെട്ടതുമാണ്. അബ്ദുല്ലാഹിബ്നു അബ്ബാസ് പറയുന്നു: "വിവാഹമോചനം അനിവാര്യഘട്ടങ്ങളില്‍ മാത്രമാണ്.''
    എന്നാല്‍, അത് അനുവദനീയമാകുന്ന അനിവാര്യ സാഹചര്യങ്ങള്‍ ഉണെടങ്കിലും തോന്നുന്ന ഏത് സമയത്തും ധൃതിയില്‍ ചെയ്യാവതല്ല. യോജിപ്പിനുള്ള സകല ശ്രമങ്ങളും നിഷ്ഫലമായാല്‍ അനുയോജ്യമായ അവസരം തെരഞ്ഞെടുക്കേണടത് അനിവാര്യമാണ്.
    ഇസ്ലാമിക നിയമമനുസരിച്ച് വിവാഹമോചനത്തിന് ഏറ്റം പറ്റിയ സമയം സ്ത്രീ ശുദ്ധിയായിരിക്കുമ്പോഴാണ്. ആര്‍ത്തവമോ പ്രസവരക്തമോ ഇല്ലാത്ത സമയമാണത്. ആ ശുദ്ധിയുടെ ഘട്ടത്തില്‍ അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. ഗര്‍ഭിണിയാണെന്ന് വ്യക്തമായിട്ടില്ലെങ്കിലാണിത്.
    ആര്‍ത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും സമയത്ത് ഭര്‍ത്താവ് ഭാര്യയില്‍നിന്ന് അകന്നുനില്‍ക്കല്‍ നിര്‍ബന്ധമാണ്. ലൈംഗികബന്ധം നിഷിദ്ധമായ ഈ ഘട്ടത്തില്‍ നിസ്സാരകാര്യങ്ങള്‍ പോലും ചില ഭര്‍ത്താക്കന്മാരെ അരിശം കൊള്ളിച്ചേക്കും. അതിനാലാണ് ശുദ്ധിയാവുന്നതുവരെ കാത്തിരിക്കാന്‍ കല്‍പിക്കുകയും പിന്നീട് അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പായിരിക്കണമെന്ന നിബന്ധന നിശ്ചയിക്കുകയും ചെയ്തത്. ആര്‍ത്തവഘട്ടത്തിലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശുദ്ധിയുടെ കാലത്തും വിവാഹമോചനം നിഷിദ്ധമാണ്. ശുദ്ധിയുടെ ഘട്ടത്തിലുണടാവുന്ന ബന്ധത്തിലൂടെ അവള്‍ ഗര്‍ഭം ധരിക്കുകയും അത് ഭര്‍ത്താവ് അറിയുകയും ചെയ്യുന്നത് വേര്‍പിരിയാനുള്ള തീരുമാനത്തെ മാറ്റിയേക്കുമെന്നത് ഈ നിബന്ധനയുടെ നേട്ടമാണ്. അവളുടെ ഗര്‍ഭാശയത്തിലുള്ള അവന്റെ ഭ്രൂണം ഒന്നിച്ച് കഴിയാന്‍ അവരെ പ്രേരിപ്പിച്ചെങ്കില്‍!
    ശുദ്ധിയായിട്ടും അവളെ സ്പര്‍ശിക്കാതിരിക്കുകയോ ഗര്‍ഭിണിയാണെന്ന് വ്യക്തമായിട്ടും വിവാഹമോചനത്തിന് മുതിരുകയോ ചെയ്യുന്നുവെങ്കില്‍ അകല്‍ച്ച അടുക്കാനാവാത്ത വിധം ശക്തമാണെന്ന് വ്യക്തം. താല്‍ക്കാലിക വിരോധത്തിന്റെ ഫലമല്ലെന്നര്‍ഥം. അത്തരം സന്ദര്‍ഭങ്ങളില്‍ ത്വലാഖ് ആകാവുന്നതാണ്. അല്ലാഹു ആജ്ഞാപിക്കുന്നു: "നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം നടത്തുമ്പോള്‍ അവരെ ശുദ്ധിയുടെ ഘട്ടത്തില്‍ ത്വലാഖ് ചൊല്ലുക.''
    പ്രവാചകന്റെ കാലത്ത് അബ്ദുല്ലാഹിബ്നു ഉമര്‍ തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ വിവാഹമോചനം നടത്തി. വിവരം പിതാവ് തിരുമേനിയെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "അവളെ മടക്കിയെടുക്കാന്‍ കല്‍പിക്കുക. പിന്നീട് അവള്‍ ശുദ്ധിയായാല്‍ അവളെ സ്പര്‍ശിക്കുന്നതിനു മുമ്പ് അവന് അത്യാവശ്യമെങ്കില്‍ വിവാഹമോചനം നടത്തിക്കൊള്ളട്ടെ'' (നസാഈ, ഇബ്നുമാജ).
    തന്റെ ഭാര്യയെ വിവാഹമോചനം നടത്തുമെന്ന് പറഞ്ഞ് സത്യം ചെയ്യലും അവളെ ഭീഷണിപ്പെടുത്തലും വിലക്കപ്പെട്ട കാര്യങ്ങളാണ്. ഇപ്രകാരം തന്നെ 'നീ ഇന്ന കാര്യം ചെയ്താല്‍ വിവാഹമോചിതയാകുമെ'ന്ന് അവളോട് പറയലും നിഷിദ്ധം തന്നെ.

     

    സാക്ഷികള്‍

    വിവാഹത്തെപ്പോലെത്തന്നെ വിവാഹമോചനത്തിനും രണട് സാക്ഷികള്‍ അനിവാര്യമാണെന്ന് പ്രമുഖരായ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. കിടപ്പറയില്‍വെച്ചോ, കോപം വരുന്ന ഏതെങ്കിലും ദുര്‍ബലനിമിഷത്തിലോ ധൃതിപിടിച്ച് ചെയ്യുന്ന ഒന്നാവരുത് ത്വലാഖ് എന്ന കാര്യത്തില്‍ ഇസ്ലാമിന് ഏറെ നിര്‍ബന്ധമുണട്. അതിനാല്‍, വിവാഹമോചനം നടത്താന്‍ തീരുമാനിച്ചാല്‍ നീതിയുക്തരായ രണട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അത് നിര്‍വഹിക്കുന്നതാണുത്തമം. വാചികമായാലും എഴുതിയറിയിച്ചാലും ത്വലാഖ് സാധുവാകുന്നതാണ്. ഭാഷ ഏതായിരുന്നാലും പ്രശ്നമല്ല. സുഗ്രഹമായിരിക്കണമെന്നേയുള്ളൂ.
    ചുരുക്കത്തില്‍, നീതിമാന്മാരായ രണട് സാക്ഷികളുടെ സാന്നിധ്യത്തില്‍ വ്യക്തമായ ഭാഷയില്‍ വിവാഹമോചനം നടത്തുന്നതാണ് നല്ലത്. സാക്ഷികള്‍ നിര്‍ബന്ധമില്ലെന്ന് അധിക കര്‍മശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണെടങ്കിലും ശരി. അല്ലാഹു പറയുന്നു: "പിന്നീട് അവര്‍ക്ക് അവധിയായിക്കഴിഞ്ഞാല്‍ നല്ല നിലക്ക് അവരെ സ്വീകരിക്കുക. അല്ലെങ്കില്‍ മാന്യമായി വേര്‍പിരിയുക. നിങ്ങളിലുള്ള നീതിമാന്മാരായ രണടാളുകളെ സാക്ഷിനിര്‍ത്തുക'' (65: 2).
    ഒരിക്കല്‍ വിവാഹമോചനം നടത്തിയ ഒരാളോട് അലി ചോദിച്ചു: "താങ്കള്‍ അല്ലാഹു കല്‍പിച്ചപോലെ രണട് സാക്ഷികളെ നിര്‍ത്തിയിട്ടുണേടാ?'' ഇല്ലെന്ന അയാളുടെ മറുപടി കേട്ടപ്പോള്‍ അലി പറഞ്ഞു: "താങ്കള്‍ക്ക് പോകാം. താങ്കളുടെ ത്വലാഖ് സാധുവല്ല.''

     

    ഭര്‍ത്തൃഗൃഹത്തില്‍

    വിവാഹമോചിതയായ സ്ത്രീ ദീക്ഷാകാലത്ത് ഭര്‍ത്തൃഗൃഹത്തിലാണ് താമസിക്കേണടത്. സാധാരണനിലയില്‍ അത് മൂന്ന് ആര്‍ത്തവം പൂര്‍ത്തിയാകുംവരെയുള്ള കാലമാണ്. "വിവാഹമുക്തകളായ സ്ത്രീകള്‍ മൂന്ന് തവണ ആര്‍ത്തവം ഉണടാവുന്നതുവരെ കാത്തിരിക്കേണടതാണ്. അവരുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചത് മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല; അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍'' (2: 228).
    മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയാകുന്നതുവരെയാണ് ഇദ്ദ അഥവാ ദീക്ഷാകാലം. എന്നാല്‍, ഗര്‍ഭിണികളുടേത് പ്രസവം വരെയാണ്. "ഗര്‍ഭിണികളുടെ ദീക്ഷാകാലം അവര്‍ പ്രസവിക്കുന്നതുവരെയാണ്''(65: 6).
    രോഗം, വാര്‍ധക്യം പോലുള്ള കാരണങ്ങളാല്‍ ആര്‍ത്തവം നിലച്ചവരുടെ ദീക്ഷാകാലം മൂന്നുമാസമാണ്. "ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശരായ സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അവരുടെ ദീക്ഷാസമയം മൂന്നു മാസമാണ്; തീരെ ആര്‍ത്തവമുണടാകാത്ത സ്ത്രീകളുടേതും'' (65: 4).
    ഇദ്ദയുടെ കാലത്ത് സ്ത്രീ ഭര്‍ത്താവിനെ സംബന്ധിച്ചേടത്തോളം ഭാര്യയല്ല. എന്നാല്‍ അന്യയുമല്ല.
    വിവാഹമോചിതയായ സ്ത്രീ ഇദ്ദയുടെ കാലത്ത് അതേവരെ താമസിച്ചിരുന്ന സ്ഥലത്തുതന്നെയാണ് നില്‍ക്കേണടത്. ന്യായമായ കാരണം കൂടാതെ അവളെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന് അവകാശമില്ല. പോകാന്‍ അവള്‍ക്കും അനുവാദമില്ല. പ്രസ്തുത കാലത്ത് അവളെ മടക്കിയെടുക്കാനും ദാമ്പത്യത്തിലേക്ക് തിരിച്ചുകൊണടുവരാനും ഭര്‍ത്താവിന് അവകാശവും കടപ്പാടുമുണെടന്നതാണ് ഇതിന് കാരണം.
    മൊഴിചൊല്ലിയ ശേഷവും ഭാര്യ തന്റെ അടുത്തുതന്നെ ഉണടാവുകയെന്നത് അയാളുടെ ആസക്തിയെ ഇളക്കിവിടാനും വികാരത്തെ ഇക്കിളിപ്പെടുത്താനും ഉപകരിക്കും. അകല്‍ച്ച അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാന്‍ അത് അവസരമൊരുക്കും. ഗര്‍ഭധാരണമുണേടാ എന്ന് അറിയാനും, മടക്കിയെടുക്കാനുള്ള ഭര്‍ത്താവിന്റെ അവകാശങ്ങളും ദാമ്പത്യത്തിന്റെ ആദരണീയതയും പരിരക്ഷിക്കാനും വേണടിയുള്ള ഈ കാലയളവില്‍ ഭാര്യ ഭര്‍ത്തൃഗൃഹത്തില്‍തന്നെ കഴിയേണടതുണട്. ഭര്‍ത്തൃഗൃഹത്തില്‍ താമസിക്കുമ്പോള്‍ ഇരുവരുടെയും മനസ്സ് മാറുകയും അകം ശാന്തമാവുകയും കോപം ശമിക്കുകയും അങ്ങനെ ബന്ധത്തിലേക്ക് തിരിച്ചുപോകാന്‍ ഇടവരുത്തുകയും ചെയ്തേക്കാം. ഇത് സംബന്ധമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ആ സ്ത്രീകളെ അവര്‍ താമസിച്ചിരുന്ന വീടുകളില്‍നിന്ന് നിങ്ങള്‍ പുറത്താക്കരുത്. അവര്‍ സ്വയം പുറത്തുപോവുകയും അരുത്. എന്നാല്‍ അവര്‍ വ്യക്തമായ ദുര്‍ന്നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണെടങ്കില്‍ അതിന് വിരോധമില്ല''(65: 1).
    ദമ്പതിമാര്‍ക്കിടയില്‍ വേര്‍പിരിയല്‍ അനിവാര്യമാണെങ്കില്‍ അത് അന്യോന്യം ബുദ്ധിമുട്ടിക്കാതെയും വ്യാജാരോപണം നടത്താതെയും അവകാശലംഘനം വരുത്താതെയും മര്യാദയോടെയും ആകണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു: "നല്ല നിലയില്‍ അവരെ നിലനിര്‍ത്തുക; അല്ലെങ്കില്‍ ഏറ്റവും ഉത്തമമായ വിധത്തില്‍ അവരുമായി വിട്ടുപിരിയുക''(65: 2).
    "ഒന്നുകില്‍ നല്ല നിലയില്‍ അവളെ നിലനിര്‍ത്തുക. അല്ലെങ്കില്‍ വളരെ മാന്യമായി അവളെ വിട്ടയക്കുക''(2: 241)
    ഉഭയ കക്ഷിസമ്മതത്തോടെ ആയിരിക്കണം വിവാഹമോചനം എന്നതാണ് ഇസ്ലാം ആഗ്രഹിക്കുന്നത്; അവ്വിധം അനുശാസിക്കുന്നില്ലെങ്കിലും. എങ്കില്‍ മാത്രമല്ലേ വിവാഹമുക്തയായ സ്ത്രീക്ക് ഭര്‍ത്തൃഗൃഹത്തില്‍ ഇദ്ദയുടെ കാലം താമസിക്കാന്‍ സാധിക്കുകയുള്ളൂ.
    ദീക്ഷാകാലം കഴിയുന്നതിനുമുമ്പ് മടക്കിയെടുക്കാന്‍ അവകാശമുള്ളതുപോലെത്തന്നെ അതിനുശേഷം അവളെ പുനര്‍വിവാഹം ചെയ്യാനും ഭര്‍ത്താവിന് അനുവാദമുണട്. ഒന്നാമത്തെ വിവാഹമോചനത്തിനുശേഷം വീണടും ബന്ധത്തിലേക്ക് മടങ്ങുകയും പിന്നീട് അവര്‍ക്കിടയില്‍ അകല്‍ച്ചയും വെറുപ്പും രണടാമതും സംഭവിക്കുകയും നന്നാകാനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുകയും ചെയ്താല്‍ നേരത്തെ വിവരിച്ചപോലെ അനുയോജ്യമായ സമയത്ത് രണടാമതും വിവാഹമോചനം നടത്താവുന്നതാണ്. അയാള്‍ക്ക് അവളെ വീണടും, ഇദ്ദയുടെ കാലത്ത് പുതിയ വിവാഹം കൂടാതെയും ഇദ്ദക്കുശേഷം പുതിയ വിവാഹത്തിലൂടെയും ജീവിതപങ്കാളിയാക്കാവുന്നതാണ്.
    മൂന്നാമതും വിവാഹമോചനം നടത്തുകയാണെങ്കില്‍ അവര്‍ക്കിടയിലെ അകല്‍ച്ച അപരിഹാര്യമാണെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. അതിനാല്‍, മൂന്നാമത്തെ വിവാഹമോചനാനന്തരം അവളെ മടക്കിയെടുക്കാനോ പുനര്‍വിവാഹം നടത്താനോ അനുവാദമില്ല. മറ്റൊരു ഭര്‍ത്താവ് തനിക്കുവേണടി ശരിയാംവിധം വിവാഹം കഴിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അന്യോന്യം അകന്ന് മേല്‍പറഞ്ഞ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കി യോജിപ്പ് സാധ്യമല്ലെന്ന് ഉറപ്പായി മൊഴിചൊല്ലിയ ശേഷമല്ലാതെ ആദ്യഭര്‍ത്താവിന് അവള്‍ ഒരു നിലക്കും അനുവദനീയയായിത്തീരുകയില്ല. അല്ലാഹു പറയുന്നു: "മൂന്നാമതും അവളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ പിന്നീട് അവള്‍ അവന്ന് അനുവദനീയയല്ല; മറ്റൊരു ഭര്‍ത്താവിനെ വരിക്കുന്നതുവരെ. അനന്തരം അയാള്‍ അവളുമായി ബന്ധം വിടര്‍ത്തുന്നുവെങ്കില്‍ അവളും ആദ്യഭര്‍ത്താവും പൂര്‍വബന്ധത്തിലേക്ക് തിരിച്ചുവരുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നുവെങ്കില്‍! ഇത് ദൈവിക പരിധികളാകുന്നു. മനസ്സിലാക്കുന്ന മനുഷ്യര്‍ക്കായി അവന്‍ അത് വിവരിക്കുന്നു''(2: 230).
    ഇസ്ലാമിന്റെ ആഗമനത്തിനുമുമ്പ് അറബികളില്‍ നിലനിന്നിരുന്ന കടുത്ത ഒരു സാമൂഹിക ദുരാചാരത്തെ ദൂരീകരിക്കുകയാണ് ഇസ്ലാം ഈ നിര്‍ദേശം വഴി ചെയ്യുന്നത്. ഭാര്യയെ എത്ര തവണയും ത്വലാഖ് ചൊല്ലാനുള്ള അനുവാദം അവര്‍ക്ക് ഉണടായിരുന്നു. അതിനാല്‍, ഇഷ്ടമില്ലാത്ത ഭാര്യയെ നിരന്തരം വിവാഹമോചനം നടത്തിയും മടക്കിയെടുത്തും വിഷമിപ്പിക്കുന്ന സമ്പ്രദായം അക്കാലത്ത് സര്‍വസാധാരണമായിരുന്നു. തദ്ഫലമായി സ്ത്രീകള്‍ക്ക് തങ്ങളെ ഒഴിവാക്കുന്ന ഭര്‍ത്താക്കന്മാരില്‍നിന്ന് മോചനം നേടാനോ പുതിയ ബന്ധത്തിലേര്‍പ്പെടാനോ സാധിച്ചിരുന്നില്ല. ഈ കിരാതവൃത്തിയുടെ കവാടം കൊട്ടിയടക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തത്. മൂന്നാമതും വിവാഹമോചനം നടത്തുന്നവര്‍ക്ക് ഭാര്യയെ തിരിച്ചെടുക്കാനുള്ള അവകാശം അത് നിഷേധിച്ചു. അതിനാല്‍ തന്റെ ഭാര്യ തനിക്ക് ശാശ്വതമായി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണട് മാത്രമേ ഭര്‍ത്താവ് ഇത്തരം സാഹസത്തിന് മുതിരുകയുള്ളൂ.
    അറബികളുടെ സമ്പ്രദായത്തെ സംബന്ധിച്ച് ആഇശ പറയുന്നു: "പുരുഷന്‍ വിവാഹമോചനം നടത്താന്‍ ആഗ്രഹിച്ചാല്‍ അവന്‍ മൊഴി ചൊല്ലിയിരുന്നു. പിന്നീട് ഇദ്ദയുടെ കാലത്ത് മടക്കിയെടുത്താല്‍ അവള്‍ അയാളുടെ തന്നെ ഭാര്യയാകുമായിരുന്നു. നൂറോ അതിലധികമോ തവണ ത്വലാഖ് ചൊല്ലിയാലും അതുതന്നെയായിരുന്നു സ്ഥിതി. ഒരിക്കല്‍ ഒരാള്‍ തന്റെ ഭാര്യയോട് പറഞ്ഞു: 'നിന്നെ ഞാന്‍ വിവാഹമോചനം നടത്തി ഒഴിവാക്കുകയില്ല; അതോടൊപ്പം കൂടെ നിര്‍ത്തി സംരക്ഷിക്കുകയുമില്ല.' അപ്പോള്‍ ആ സ്ത്രീ അത് എങ്ങനെയാണെന്ന് അന്വേഷിച്ചു. അയാള്‍ പറഞ്ഞു: 'ഞാന്‍ നിന്നെ ത്വലാഖ് ചൊല്ലും. ഇദ്ദ കഴിയാറാകുമ്പോള്‍ മടക്കിയെടുക്കും. വീണടും അത് ആവര്‍ത്തിക്കും.'' അങ്ങനെ ആ സ്ത്രീ ആഇശയുടെ അടുത്ത് വന്ന് വിവരം ധരിപ്പിച്ചു. എന്നാല്‍, നബിതിരുമേനി വരുന്നതുവരെ അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. പ്രവാചകന്‍ എത്തിയപ്പോള്‍ വിവരം തിരുമേനിയെ അറിയിച്ചു. അല്‍പനേരത്തെ നിശ്ശബ്ദതക്കു ശേഷം ഈ ഖുര്‍ആന്‍ വാക്യം അവതീര്‍ണമായി: "വിവാഹമോചനം രണട് പ്രാവശ്യമാകുന്നു. പിന്നീട് മര്യാദയോടെ ഭാര്യയായി നിര്‍ത്തുകയോ അല്ലെങ്കില്‍ മാനമായി പിരിച്ചയക്കുകയോ ചെയ്യേണടതാണ്''(2: 229)(റാസി, ഭാഗം: രണട്, പേജ് 247).
    അഥവാ രണടാംതവണ വിവാഹമോചനം നടത്തുന്നവര്‍ സൂക്ഷിക്കുക. അവസരം അവസാനിക്കുകയാണ്. ഇപ്പോള്‍ ഭാര്യയെ മടക്കിയെടുത്ത് മാനമായി ജീവിക്കാം. മൂന്നാം പ്രാവശ്യവും ഇത് ആവര്‍ത്തിച്ചാല്‍ അവള്‍ അന്യരുടേതായിത്തീരും. തനിക്ക് പുനര്‍വിവാഹം വിലക്കപ്പെടുകയും ചെയ്യും.

     

    അഭിശപ്തമായ അനാചാരം

    ഇസ്ലാം മൂന്ന് ത്വലാഖ് കൊണട് വിവക്ഷിച്ചത് നേരത്തെ വിവരിച്ചപോലെ മൂന്നു തവണ വിവാഹം കഴിച്ച് മൊഴിചൊല്ലലാണ്. മറിച്ച്, ഇന്ന് കാണപ്പെടുന്നപോലെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലലല്ല. ഇത് അത്യന്തം അപഹാസ്യവും അഭിശപ്തവുമായ അനാചാരമാണ്. നബി അതിനെ അതിനിശിതമായി ആക്ഷേപിച്ചിട്ടുണട്. ഒരിക്കല്‍ ഒരാള്‍ തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ഒറ്റവാക്കില്‍ ചൊല്ലിയ വിവരം തിരുമേനിയെ അറിയിച്ചു. അപ്പോള്‍ നബി ചോദിച്ചു: "ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണടായിരിക്കെ, നിങ്ങള്‍ ദൈവിക ഗ്രന്ഥംകൊണട് കളിക്കുകയോ?'' ഉടനെ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: "ഞാന്‍ അയാളുടെ കഥ കഴിക്കട്ടെയോ?''(നസാഈ).
    ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു: "റുകാനത്ത് തന്റെ ഭാര്യയെ ഒരേ സദസ്സില്‍ വെച്ച് മൂന്ന് ത്വലാഖും ചൊല്ലി. പിന്നീട് അദ്ദേഹത്തിന് അതില്‍ അത്യധികം ദുഃഖംതോന്നി. അങ്ങനെ വിവരം തിരുമേനിയെ അറിയിച്ചു. അപ്പോള്‍ അവിടന്ന് അന്വേഷിച്ചു: 'നിങ്ങള്‍ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ മൂന്നും ചൊല്ലി.''
    'ഒരേ സദസ്സില്‍വെച്ചാണോ?' നബി ചോദിച്ചു. 'അതെ.' അദ്ദേഹം പറഞ്ഞു. 'എങ്കില്‍ അത് ഒന്നേ ആവുകയുള്ളൂ. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ മടക്കിയെടുത്തുകൊള്ളുക''(സുബുലുസ്സലാം 3: 213).
    "മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ ഒന്നുപോലും നടക്കുകയില്ലെന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുമുണട്. കാരണം അത് അനാചാരമാണ്. അനാചാരം നിയമമാവുകയില്ല'' (അല്‍ ഇസ്ലാം വല്‍ മര്‍അതുല്‍ മുആസ്വിറ, പേജ്.117).
    യഥാര്‍ഥത്തില്‍ മൂന്നും ഒന്നിച്ച് ചൊല്ലിയാലും ഒന്ന് മാത്രമേ പ്രബലമാവുകയുള്ളൂ എന്ന അഭിപ്രായമാണ് പ്രാമാണികം. ഖുര്‍ആന്‍ വാക്യം അതാണ് വ്യക്തമാക്കുന്നത്. റുകാനയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട സംഭവവും അതുതന്നെ തെളിയിക്കുന്നു. മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു പ്രമാണവും ഈ വീക്ഷണത്തെയാണ് പ്രബലപ്പെടുത്തുന്നത്. അബുസ്സ്വഹ്ബാഅ് ഇബ്നു അബ്ബാസിനോട് ചോദിച്ചു: "നബിയുടെയും അബൂബക്റിന്റെയും കാലത്തും ഉമറിന്റെ ആദ്യഘട്ടത്തിലും മൂന്നെണ്ണം ഒന്നായിട്ടല്ലേ പരിഗണിച്ചിരുന്നത്?'' അദ്ദേഹം പറഞ്ഞു: 'അതെ''(മുസ്ലിം).
    "നബിയുടെയും അബൂബക്റിന്റെയും കാലത്തും ഉമറിന്റെ ആദ്യത്തെ രണട് വര്‍ഷവും ഒന്നിച്ചുള്ള മൂന്ന് ത്വലാഖുകള്‍ ഒന്നായാണ് പരിഗണിച്ചിരുന്നത്''(ഫിഖ്ഹുസ്സുന്ന ഭാഗം 8, പേജ് 69).
    സമുദായത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ അധികവും ശരിയല്ലെന്നും അനീതിപരമാണെന്നും അഭിപ്രായമുള്ളവരാണ് പല മതപണ്ഡിതന്മാരും പരിഷ്കരണപ്രസ്ഥാനങ്ങളും. അത്തരം വീഴ്ചകള്‍ക്കു കാരണം വ്യക്തിനിയമത്തിലെ പഴുതുകളാണെന്നതും ശരിതന്നെ. അതിനാല്‍, മുസ്ലിം വ്യക്തിനിയമം ഖുര്‍ആനിനും പ്രവാചകചര്യക്കുമനുസരിച്ച് പുനഃക്രോഡീകരിക്കേണടത് അനിവാര്യമാണ്.

     

    വിവാഹമുക്തയുടെ അവകാശങ്ങള്‍

    വിവാഹമോചന വാചകം ഉച്ചരിക്കപ്പെടുന്നതോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തികച്ചും അന്യരായിത്തീരുന്നുവെന്ന തെറ്റായ ധാരണ സമൂഹത്തിലിന്ന് നിലനില്‍ക്കുന്നുണട്. എന്നാല്‍, നേരത്തെ വിവരിച്ച പ്രകാരം ദീക്ഷാകാലത്ത് സ്ത്രീ ഭര്‍ത്തൃഗൃഹത്തിലാണ് താമസിക്കേണടത്. ആ ഘട്ടത്തില്‍ അവളുടെ സകലവിധ സംരക്ഷണവും പുരുഷനാണ് ഏറ്റെടുക്കേണടത്. മാനമായ നിലയില്‍ ഭക്ഷണവും വസ്ത്രവും മറ്റു സൌകര്യങ്ങളും നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. മാത്രമല്ല, ഗര്‍ഭിണിയെങ്കില്‍ പ്രസവം വരെ ചെലവിന് നല്‍കാനും അനന്തരം, കുട്ടിയുടെ മുലകുടിക്കാലത്തെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കാനും അയാള്‍ കടപ്പെട്ടവനായിരിക്കും. അതോടൊപ്പം മോശമായി പെരുമാറാനും പാടില്ല. വിവാഹമുക്തയായ സ്ത്രീയെ പുരുഷന്‍ തന്റെ വീട്ടില്‍ സകലവിധ ജീവിതവിഭവവും നല്‍കി ഏകദേശം മൂന്ന് മാസക്കാലം താമസിപ്പിക്കണമെന്ന് അനുശാസിക്കുന്ന നിയമവ്യവസ്ഥ ഇസ്ലാമിക ശരീഅത്തല്ലാതെ ലോകത്തെവിടെയും കാണുക സാധ്യമല്ല. അല്ലാഹു പറയുന്നു: "നിങ്ങള്‍ നിവസിക്കുന്നേടത്ത് അവരെയും താമസിപ്പിക്കുക. അവരെ പ്രയാസപ്പെടുത്താനായി ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവം വരെയും ചെലവിന് നല്‍കുക. പിന്നീട് നിങ്ങള്‍ക്കുവേണടി അവര്‍ മുലകൊടുക്കുമ്പോള്‍ അവര്‍ക്ക് അതിന് പ്രതിഫലം നല്‍കുക. നല്ല നിലയില്‍ പരസ്പരം കൂടിയാലോചിക്കുക. നിങ്ങള്‍ക്ക് വിഷമമനുഭവപ്പെടുന്നുവെങ്കില്‍ അയാള്‍ക്കുവേണടി മറ്റൊരു സ്ത്രീ മുലകൊടുക്കട്ടെ''(65: 6).
    മടക്കിയെടുക്കാന്‍ അനുവാദമുള്ള ഇദ്ദയുടെ കാലത്ത് ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനും ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്കും അനന്തരാവകാശം ലഭിക്കുന്നതാണ് (ത്വബ്രി 2: 265).
    കല്യാണം കഴിക്കുമ്പോള്‍ നല്‍കുന്ന വിവാഹമൂല്യം ഭാര്യക്ക് അവകാശപ്പെട്ടതാണ്. കൂടുതലായാലും കുറച്ചായാലും അത് തിരിച്ചുവാങ്ങാവതല്ല. "നിങ്ങള്‍ ഒരു ഭാര്യയെ ഒഴിവാക്കി മറ്റൊരുവളെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ സമ്പത്തിന്റെ വലിയൊരു ശേഖരം തന്നെ നല്‍കിയിട്ടുണെടങ്കിലും നിങ്ങള്‍ ഒന്നുംതന്നെ മടക്കിവാങ്ങരുത്. വ്യാജാരോപണമുന്നയിച്ച് നിങ്ങള്‍ അത് തിരിച്ചെടുക്കുകയോ? സ്പഷ്ടമായ പാപമാണത്''(ഖുര്‍ആന്‍ 4: 20).
    എന്നാല്‍ , ഭാര്യയെ സ്പര്‍ശിക്കുന്നതിനു മുമ്പാണ് വിവാഹമോചനമെങ്കില്‍ പാതികൊടുത്താല്‍ മതിയാകുന്നതാണ്. പക്ഷേ, ഉദാരപൂര്‍വം പെരുമാറലാണ് ഉത്തമം. "അവര്‍ക്ക് വിവാഹമൂല്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കെ, നിങ്ങള്‍ അവരുമായി ബന്ധപ്പെടുന്നതിനുമുമ്പ് വിവാഹമോചനം നടത്തുന്നുവെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പാതി അവര്‍ക്ക് നല്‍കേണടതാണ്. സ്ത്രീകളോ പുരുഷന്മാരോ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കില്‍! പുരുഷന്മാര്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് കൂടുതല്‍ ഭക്തമായ നിലപാട്. നിങ്ങള്‍ക്കിടയിലെ ഔദാര്യം വിസ്മരിക്കരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു'' (ഖുര്‍ആന്‍ 2: 237).
    അഥവാ, വിവാഹമൂല്യം മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലെങ്കില്‍ അത് നല്‍കാന്‍ പുരുഷന്‍ കടപ്പെട്ടവനല്ല. എങ്കിലും മാനമായ എന്തെങ്കിലും ആസ്വാദനവിഭവം നല്‍കേണടതാണ്. "സ്ത്രീകളെ സ്പര്‍ശിക്കുകയോ അവര്‍ക്ക് വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങള്‍ അവരെ മൊഴി ചൊല്ലുന്നുവെങ്കില്‍ മഹ്റിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ബാധ്യതയില്ല. എന്നാല്‍, അവര്‍ക്ക് അനുഭവിക്കാന്‍ നിങ്ങള്‍ വല്ലതും നല്‍കേണടതാണ്; ധനവാന്‍ തന്റെ കഴിവനുസരിച്ചും ദരിദ്രന്‍ തന്റെ അവസ്ഥക്കൊത്തും. സജ്ജനങ്ങളുടെ കടമയാണത്'' (2: 236).
    ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇദ്ദ ആചരിക്കേണടതില്ല. "സത്യവിശ്വാസികളേ, വിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്ത് അവരെ സ്പര്‍ശിക്കുംമുമ്പ് ത്വലാഖ് ചൊല്ലിയാല്‍ നിങ്ങള്‍ക്കുവേണടി അവര്‍ ഇദ്ദ ആചരിക്കേണടതില്ല. അതിനാല്‍ , അവര്‍ക്ക് എന്തെങ്കിലും വിഭവങ്ങള്‍ നല്‍കുകയും മാനമായ നിലയില്‍ അവരുമായുള്ള ബന്ധം വിടര്‍ത്തുകയും ചെയ്യുക''(33: 49).

     

    പ്രയാസപ്പെടുത്തല്‍

    ദീക്ഷാകാലം വര്‍ധിപ്പിച്ച്, മറ്റാരെങ്കിലുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് തടയാനായി ഇദ്ദ കഴിയുന്നതിനുമുമ്പ് സ്ത്രീകളെ മടക്കിയെടുക്കാന്‍ പാടില്ല. അത് അനിസ്ലാമികവും കടുത്ത പാതകവുമാണ്. വിശുദ്ധ ഖുര്‍ആന്‍ രൂക്ഷമായ ഭാഷയില്‍ പറയുന്നു: "നിങ്ങള്‍ സ്ത്രീകളുമായുള്ള ബന്ധം വിടര്‍ത്തുകയും ഇദ്ദയുടെ അവധി അടുക്കുകയും ചെയ്താല്‍ അവരെ നല്ല നിലയില്‍ കൂടെ താമസിപ്പിക്കുക. അന്യായമായി ദ്രോഹിക്കാന്‍ വേണടി മാത്രം നിങ്ങള്‍ അവരെ പിടിച്ചുവെക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ അക്രമം തന്നോടുതന്നെയാണ്. ദൈവകല്‍പനകളെ നിങ്ങള്‍ പരിഹാസ്യമാക്കരുത്'' (ഖുര്‍ആന്‍ 2: 231).
    ഇദ്ദയുടെ കാലം കഴിഞ്ഞാല്‍ അവളുടെ പുനര്‍വിവാഹം തടയാന്‍ ഭര്‍ത്താവിനോ മറ്റാര്‍ക്കെങ്കിലുമോ ഒരവകാശവുമില്ല. നിയമവും മര്യാദയുമനുസരിച്ച് അവളും അന്വേഷകനും ഇഷ്ടപ്പെടുന്നേടത്തോളം കാലം അവരുടെ അഭിലാഷങ്ങളുടെ കാര്യത്തില്‍ ആരും വിഘാതം വരുത്താവതല്ല.
    വിവാഹമോചകന്‍ മോചിതയെ തന്റെ വരുതിയില്‍ നിര്‍ത്താനും പുനര്‍വിവാഹം നടത്തുന്നതില്‍നിന്ന് അവളെയും കുടുംബത്തെയും തടയാനും അനിസ്ലാമിക കാലത്തെ അറബികള്‍ ശ്രമിച്ചിരുന്നു. ഈ രീതിയെ ഇസ്ലാം നിശിതമായി നിരോധിച്ചു.
    ത്വലാഖ് ചൊല്ലിയ ആള്‍ വിവാഹമുക്തയെ പുനര്‍വിവാഹത്തിന് ആഗ്രഹിക്കുകയും അവര്‍ പരസ്പരം അത് അംഗീകരിക്കുകയും അന്യോന്യമുള്ള അകല്‍ച്ചകള്‍ അവസാനിക്കുകയും ചെയ്താല്‍ അവളുടെ അടുത്ത ബന്ധുക്കളും രക്ഷാധികാരികളും അത് തടയരുത്. വാശിയുടെയും പൊങ്ങച്ചത്തിന്റെയും പേരില്‍ അങ്ങനെ ചെയ്യുന്നത് കടുത്ത പാതകമാണ്.
    മഅ്ഖലുബ്നു യസാര്‍ പറയുന്നു: "എനിക്ക് ഒരു സഹോദരിയുണടായിരുന്നു. പിതൃവ്യപുത്രന്‍ അവളെ വിവാഹാലോചന നടത്തി. ഞാന്‍ അവളെ അദ്ദേഹത്തിന് കല്യാണം കഴിച്ചുകൊടുക്കുകയും ചെയ്തു. കുറേ കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അവളെ വിവാഹമോചനം നടത്തി. ഇദ്ദ കഴിയുന്നതിനു മുമ്പ് മടക്കിയെടുത്തതുമില്ല. അങ്ങനെ ദീക്ഷാകാലം കഴിഞ്ഞശേഷം അവള്‍ക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് അവളോടും അനുരാഗം ജനിച്ചു. അതിനാല്‍, മറ്റു വിവാഹാന്വേഷകരോടൊപ്പം അദ്ദേഹവും വന്നു. ഞാന്‍ ചോദിച്ചു: 'വിഡ്ഢീ! നിന്നെ മാനിച്ച് ഞാന്‍ എന്റെ സഹോദരിയെ കല്യാണം കഴിച്ചുതന്നു. എന്നിട്ട് നീ ബന്ധം വിടര്‍ത്തി. ഇപ്പോള്‍ വീണടും വിവാഹാലോചനക്ക് വരുകയോ? അല്ലാഹുവാണ! അവള്‍ നിന്റെ അടുത്തേക്ക് തിരിച്ചുവരികയില്ല.' പിന്നീട്, ആ പ്രശ്നത്തില്‍ ഖുര്‍ആന്‍ വചനമവതരിച്ചു. തുടര്‍ന്ന് ഞാന്‍ സത്യം ചെയ്തതിന് പ്രായശ്ചിത്തം നല്‍കുകയും പിതൃവ്യപുത്രനെ വരുത്തി സഹോദരിയെ അദ്ദേഹത്തിനു വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു'' (ബുഖാരി, തിര്‍മിദി, നസാഇ).
    പ്രസ്തുത ഖുര്‍ആന്‍ വാക്യമിതാണ്: "നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം നടത്തുകയും അവരുടെ ദീക്ഷാകാലം എത്തുകയും ചെയ്താല്‍, അവര്‍ അന്യോന്യം ആലോചിച്ച് അംഗീകരിച്ചതാണെങ്കില്‍ അവര്‍ സംതൃപ്തിയോടെ ഭര്‍ത്താക്കന്മാരെ വിവാഹം ചെയ്യുന്നതിന് നിങ്ങള്‍ തടസ്സം നില്‍ക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന അനുശാസനമാണിത്. ഇതാണ് നിങ്ങള്‍ക്ക് ഏറ്റം പ്രയോജനകരവും പാവനവുമായ പാത. അല്ലാഹു അറിയുന്നു. നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല'' (2: 232).
    യഥാര്‍ഥത്തില്‍ പുനര്‍വിവാഹത്തിന് മറ്റാരെക്കാളും അര്‍ഹനും അനുയോജ്യനും ആദ്യഭര്‍ത്താവ് തന്നെയാണ്: "അവരെ തിരിച്ചെടുക്കാന്‍ ഏറ്റം അര്‍ഹര്‍ അവരുടെ ഭര്‍ത്താക്കന്മാരാകുന്നു; അവര്‍ ബന്ധം നന്നാക്കാന്‍ സന്നദ്ധരെങ്കില്‍'' (2: 228).
    വിവാഹമുക്തകളായ സ്ത്രീകള്‍ ദീക്ഷാകാലം ഭര്‍ത്തൃഗൃഹത്തില്‍ കഴിച്ചുകൂട്ടി കാലാവധി കഴിയുമ്പോള്‍ വേര്‍പിരിയുകയല്ലാതെ നിര്‍വാഹമില്ലെങ്കില്‍ അങ്ങനെ ആകാവുന്നതാണ്. എന്നാല്‍, പുരുഷന്‍ വളരെ മര്യാദയോടും മാനമായുമാണ് അവളെ പിരിച്ചയക്കേണടത്. ജീവിതത്തിന്റെ ഏറ്റം അനര്‍ഘവും ആനന്ദദായകവുമായ നിമിഷങ്ങള്‍ തന്നോടൊത്ത് പങ്കിടുകയും സുഖദുഃഖങ്ങളില്‍ ഭാഗഭാക്കാവുകയും പരസ്പരം അലിഞ്ഞുചേരുകയും ചെയ്ത തന്റെ പങ്കാളിയെ ഗത്യന്തരമില്ലാതെ പറഞ്ഞയക്കുമ്പോള്‍ സാധ്യമായ എല്ലാ നന്മയും പുലര്‍ത്തിക്കൊണടായിരിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. അതുകൊണടുതന്നെയാണ് സ്ത്രീയുടെ മനഃപ്രയാസം ലഘൂകരിക്കുമാറ് മാനമായ പാരിതോഷികം നല്‍കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ചത്. അല്ലാഹു പറയുന്നു: "വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് മര്യാദപ്രകാരം എന്തെങ്കിലും ആസ്വാദനവിഭവം നല്‍കേണടതാണ്. അത് ദൈവഭക്തന്മാര്‍ക്കുള്ള ബാധ്യതയത്രെ'' (2: 241).

     

    ദുരുപയോഗം

    ഇസ്ലാം വിവാഹത്തെ വിശുദ്ധവും സുദൃഢവുമായ കരാറായി വിശേഷിപ്പിക്കുകയും ബന്ധവിച്ഛേദനത്തെ കഠിനമായി വെറുക്കുകയും ചെയ്തിട്ടുണെടങ്കിലും മുസ്ലിംകളിന്ന് വളരെ നിസ്സാര കാരണങ്ങള്‍ക്കുപോലും വിവാഹമോചനം നടത്താറുണട്. യഥാര്‍ഥത്തില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ഗതിമുട്ടുന്ന നിസ്സഹായാവസ്ഥകളില്‍ മാത്രം എടുക്കേണട നടപടിയാണത്. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്താന്‍ പാടില്ലെ''ന്ന വീക്ഷണം ഇസ്ലാമിനില്ല. ദൈവാനുമതിയോടെ മനുഷ്യന്‍ ചേര്‍ക്കുന്ന ബന്ധത്തെ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായി വിടര്‍ത്താവുന്നതാണ്. പരസ്പര പകയും വെറുപ്പും നിലനില്‍ക്കുന്ന കുടുംബവും വീടും നരകതുല്യമായിരിക്കുമെന്നതിനാല്‍ ആജീവനാന്തം അതില്‍ കിടന്ന് പ്രയാസപ്പെടണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല.
    എന്നാല്‍, വിവാഹം സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ മരണം വരെ നീണടുനില്‍ക്കേണട വൈകാരികമായ സംയോജനവും പാവനമായ ഉടമ്പടിയുമാണ്. നിസ്സാര കാരണങ്ങളുടെ പേരില്‍ അത് ദുര്‍ബലപ്പെടുത്തുന്നത് ആരോഗ്യകരമോ ക്ഷന്തവ്യമോ അല്ല. പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതിബന്ധങ്ങളും പരിഹരിച്ച് ദാമ്പത്യ ശകടം മുന്നോട്ടു നയിക്കാന്‍ കഴിയുന്നവനാണ് മാന്യനും കരുത്തനും. ഇരുവരിലും വന്നുപോകുന്ന തെറ്റുകളും കുറ്റങ്ങളും വീഴ്ചകളും വൈകല്യങ്ങളും വിശാലമനസ്കതയോടെ ക്ഷമിക്കുകയാണ് വേണടത്. നിസ്സാര കാര്യങ്ങളുടെ പേരിലുണടാകുന്ന വാക്കേറ്റവും കലഹവും ബന്ധവിച്ഛേദനത്തില്‍ ചെന്നെത്തുന്നത് ഒട്ടും സഹ്യമല്ല. ജീവിതത്തിലെ അകല്‍ച്ചയും അസംതൃപ്തിയുമെല്ലാം വിവാഹമോചന കാരണമാകാമെങ്കിലും സന്തോഷവും വെറുപ്പുമെല്ലാം ക്ഷണികമായ മാനസികാവസ്ഥകളാണ്. വളരെ വേഗത്തില്‍ മാറാന്‍ സാധ്യതയുള്ള നൈമിഷിക വികാരത്തിന്റെ പ്രേരണയാല്‍ വിവാഹം പോലെ അഗാധസ്പര്‍ശിയായ ഒരാത്മീയ ബന്ധത്തെ അറുത്തുകളയാവതല്ല.
    സഹനശക്തിയും ക്ഷമാശീലവും അതോടൊപ്പം സന്താനസ്നേഹവുമുള്ളവര്‍ സാധാരണഗതിയില്‍ ബന്ധവിച്ഛേദനത്തിന് ബദ്ധപ്പാട് കാണിക്കില്ല. തങ്ങളുടെ താല്‍ക്കാലിക താല്‍പര്യങ്ങള്‍ വിഗണിച്ചും അത്തരക്കാര്‍ ഐക്യത്തോടെ ജീവിക്കാനും പരസ്പരം പൊരുത്തപ്പെടാനും പരമാവധി ശ്രമിക്കും. കുടുംബഭദ്രതക്കും ദാമ്പത്യബന്ധം ശിഥിലമാവുന്നത് ഹാനിവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണടുതന്നെ കുടുംബത്തെ സമൂഹത്തിന്റെ ആധാരശിലയായി കാണുകയും അതിന് അതിമഹത്തായ സ്ഥാനം കല്‍പിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ അനുയായികള്‍ ദാമ്പത്യബന്ധത്തെ ഉലക്കുന്ന അതിശക്തമായ സമ്മര്‍ദങ്ങളുണടായാല്‍പ്പോലും പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിക്കേണടതാണ്.
    ദൌര്‍ഭാഗ്യവശാല്‍ മുസ്ലിംകള്‍ ഈ രംഗത്ത് അത്യന്തം അപഹാസ്യമായ അവസ്ഥയിലാണുള്ളത്. അതിനിസ്സാര കാര്യങ്ങള്‍ക്കുപോലും മൊഴിചൊല്ലുന്ന ദുഃസ്ഥിതി പല പ്രദേശങ്ങളിലുമുണട്. ഇസ്ലാം ആവശ്യപ്പെട്ട പ്രകാരമുള്ള ശ്രമങ്ങളൊന്നും നടത്തപ്പെടാറില്ല. അനുരഞ്ജനത്തിന് ഇരുവിഭാഗവും തീവ്രയത്നം നടത്തണമെന്ന ഖുര്‍ആനിക നിര്‍ദേശം പാലിക്കപ്പെടാറുമില്ല. മാത്രമല്ല, വിവാഹമുക്തയെ ഇദ്ദയുടെ കാലത്ത് ഭര്‍ത്തൃഗൃഹത്തില്‍ താമസിപ്പിക്കണമെന്ന നിര്‍ദേശം ആരും അല്‍പംപോലും ഗൌനിക്കാറില്ല. സര്‍വോപരി പലരും മൂന്ന് മൊഴിയും ഒന്നിച്ചുചൊല്ലാന്‍ തിടുക്കം കാണിക്കുന്നവരാണ്. ഇതെല്ലാം അനിസ്ലാമികവും അഭിശപ്തവുമാണെന്ന് നേരത്തെ വിവരിച്ചിട്ടുണടല്ലോ. ചുരുക്കത്തില്‍, വിവാഹമോചന കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് ഇസ്ലാമികാധ്യാപനങ്ങളല്ല. മറിച്ച്, തെറ്റായ നാട്ടാചാരങ്ങളാണ്.

 
     
©www.lalithasaram.net