മുഹമ്മദ്നബി(സ) അല്ലാഹുവിന്റെ അന്ത്യദൂതനാണ്. ക്രിസ്ത്വബ്ദം 571-ല്‍ മക്കാ മരുഭൂമിയിലാണ് അദ്ദേഹം ജനിച്ചത്. പിറവിക്കു മുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസം വലിച്ചു. പിതാവിന്റെ മരണശേഷം പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബ് രണടു വര്‍ഷം പൂര്‍ത്തിയാവും മുമ്പെ വിടപറഞ്ഞു. പില്‍ക്കാല സംരക്ഷണ ബാധ്യത പിതൃവ്യന്‍ അബൂത്വാലിബില്‍ വന്നുചേര്‍ന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അത് അനാഥത്വത്തോടൊപ്പം ദാരിദ്യ്രവും പ്രവാചകനെ പിടികൂടാന്‍ കാരണമായി.
ചെറുപ്പത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചിരുന്നില്ല. 'വിശ്വസ്തന്‍' എന്നര്‍ഥം വരുന്ന 'അല്‍അമീന്‍' എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്‍മാരുടെയും നാടായിരുന്നെങ്കിലും മുഹമ്മദ് നബി പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളില്‍ സംബന്ധിക്കുകയോ ചെയ്തിരുന്നില്ല. നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സവിശേഷമായ സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നുമില്ല.
ആത്മീയതയോട് അതി തീവ്രമായ ആഭിമുഖ്യമുണടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. നാല്‍പതാമത്തെ വയസ്സില്‍ മക്കയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ധ്യാനനിരതനായിരിക്കുക പതിവായിരുന്നു. അങ്ങനെ ഒരു നാള്‍ ഗുഹയിലായിരിക്കെ മലക്ക് ജിബ്രീല്‍(അ) അദ്ദേഹത്തെ സമീപിച്ച് കല്‍പിച്ചു: 'വായിക്കുക!' ഇതു കേട്ട നബിതിരുമേനി(സ) മൊഴിഞ്ഞു: 'എനിക്കു വായിക്കാനറിയില്ല.' മലക്ക് വീണടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ്(സ) ചോദിച്ചു: 'എന്താണ് ഞാന്‍ വായിക്കേണടത്?' അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞുകൊടുത്തു: "സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക. നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍''(96:1-5). ആദ്യം അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിവയാണ്.
അങ്ങനെ ഹൃദയം നിറയെ ഹിറാഗുഹയില്‍നിന്നു ലഭിച്ച വേദവെളിച്ചവും ചുണടുകളില്‍ ദിവ്യവചനങ്ങളുമായാണ് മുഹമ്മദ് നബി(സ) വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നീണട ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായി വിവിധ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് അവതീര്‍ണമായ ദിവ്യവചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അത് സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കഥയോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍ആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നോളം ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല. നിരവധി നൂറ്റാണടുകളിലെ എണ്ണമറ്റ കവികളും സാഹിത്യകാരന്‍മാരും അതിനോട് എതിരിടാന്‍ ശ്രമിച്ച് പരാജിതരായി പിന്‍മാറിയിട്ടുണട്. പ്രവാചകന്റെ കാലംതൊട്ടിന്നേവരെ, ഖുര്‍ആനോട് കിടപിടിക്കുന്ന ഒന്നു കൊണടുവരാന്‍ കൊതിച്ചവരെല്ലാം വിസ്മയഭരിതരായി തോല്‍വി സമ്മതിക്കുകയാണുണടായത്. നബിതിരുമേനി(സ)യുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്‍മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍പെടുന്നു.
നബിതിരുമേനി(സ)യും അനുചരന്‍മാരും തങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിച്ച വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രപഞ്ചനാഥന്‍ നിര്‍ദേശിക്കുന്ന പരിഹാരമെന്ന നിലയിലാണ് പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണടിരുന്നത്.
ഖുര്‍ആന്‍ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. എല്ലാവരും അതില്‍ സമാവകാശികളുമാണ്. ആര്‍ക്കും അതിലൊരു പ്രത്യേകാവകാശവുമില്ല. പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവിന്റെ സംബോധിതനാവുകയെന്ന മഹാഭാഗ്യം സിദ്ധിക്കുന്നു. മുഴുലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ സന്ദേശത്തിന് അര്‍ഹനാവുന്നതിനെക്കാള്‍ മഹത്തായ അനുഗ്രഹം മറ്റെന്തുണട്?
'ഖുര്‍ആന്‍' എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അതു വായിക്കുന്നു. പത്തും ഇരുപതും തവണയല്ല; നൂറും ഇരുന്നൂറും തവണ. ആയിരത്തിനാനൂറ് വര്‍ഷമായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഇന്നോളം ഇതിനു മുടക്കം വന്നിട്ടില്ല. ഇനി വരികയുമില്ല. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പുണടാവില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേക ലക്ഷമാണ്. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണട്. അത് മനഃപാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണടായിട്ടില്ല.
ഖുര്‍ആന്റെ ആശയമെന്നതുപോലെ ഭാഷയും ദൈവികമാണ്. അത് മനുഷ്യന് വിജയത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. അംഗീകരിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. ഇരുളകറ്റി പ്രകാശം പരത്തുന്നു. ഐഹിക ക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു.
അതിന്റെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍ക്കിടിലമുണടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യനിരതമാക്കുന്നു. കരളില്‍ കുളിരു പകരുന്നു. സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളില്‍ മിന്നല്‍പ്പിണരുകള്‍പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂര്‍ണമായി പരിവര്‍ത്തിപ്പിക്കുന്നു.
വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം- എല്ലാറ്റിലും മാറ്റമുണടാക്കുന്നു. വികാരം, വിചാരം, സമീപനം, സങ്കല്‍പം- സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉല്‍കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങള്‍ വളര്‍ത്തുന്നു. സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ളവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയില്‍പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പില്‍ അഭൌതിക ജ്ഞാനത്തിന്റെ അറകള്‍ തുറന്നുവെക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയക്രമം, ഭരണനിര്‍വഹണം- മുഴുമേഖലകളെയും ഖുര്‍ആന്‍ പുനഃസംവിധാനിക്കുന്നു.
ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത വശമില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹികശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍, രാഷ്ട്രീയനിയമങ്ങള്‍, സദാചാര നിര്‍ദേശങ്ങള്‍, ധാര്‍മിക തത്ത്വങ്ങള്‍, സാംസ്കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ഇവയൊന്നും വിവരിക്കുന്ന ഗ്രന്ഥമല്ല. എല്ലാം അത് കൈകാര്യം ചെയ്യുന്നു, ഒരേ ലക്ഷ്യത്തോടെ. മാനവതയുടെ മാര്‍ഗദര്‍ശനമാണത്. അതിനാല്‍ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍ ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ളവ വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വര്‍ഗ-നരകങ്ങളെ പരിചയപ്പെടുത്തുന്നു.
വായിക്കാനാവശ്യപ്പെട്ട് അവതീര്‍ണമായ ഗ്രന്ഥമാണത്. അതിന്റെ അകം അറിവിന്റെ അതിരുകളില്ലാത്ത ലോകമാണ്. ഏത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുമത് പരിഹാരം നിര്‍ദേശിക്കുന്നു. ഇരുള്‍മുറ്റിയ ജീവിതമേഖലകളിലെല്ലാം പ്രകാശം പരത്തുന്നു. സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി എല്ലാറ്റിനെയും ദിവ്യവെളിച്ചത്തില്‍ വിലയിരുത്തുന്നു. മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അനാഥര്‍, അഗതികള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍, ഭരണാധികാരികള്‍, ഭരണീയര്‍ എല്ലാവര്‍ക്കുമിടയിലെ പരസ്പരബന്ധം എവ്വിധമാകണമെന്ന് നിര്‍ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിക്കുന്നു.
അതില്‍ ഇടംകിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ഖുര്‍ആന്‍ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു. ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു.
നാം ജീവിക്കുന്ന ഭൌതിക പ്രപഞ്ചത്തിന്റെ പരിധിയില്‍ നിന്നുകൊണട് അഭൌതിക കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ പരിമിതികളുണട്. അതിനാല്‍ ഖുര്‍ആനിലൂടെ അല്ലാഹു മനുഷ്യനോട് സംസാരിച്ചപ്പോള്‍ സ്വീകരിച്ച ഭാഷയും ശൈലിയും സമൂഹത്തിന് മനസ്സിലാവുംവിധമുള്ളതാണ്. അല്ലാഹു, സ്വര്‍ഗം, അവിടത്തെ അരുവികള്‍, പഴങ്ങള്‍, നരകം, അതിലെ ശിക്ഷകള്‍, മലക്കുകള്‍, പിശാചുക്കള്‍ പോലുള്ളവയെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. അതിനാല്‍ അഭൌതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം മനുഷ്യന് മനസ്സിലാകുന്ന ശൈലിയില്‍ സമര്‍പ്പിക്കപ്പെട്ടവയാണെന്നും ആത്യന്തികമായ യാഥാര്‍ഥ്യങ്ങള്‍ ഭൂമിയില്‍ വെച്ച് മനുഷ്യന് ഉള്‍കൊള്ളാന്‍ കഴിയുന്നതിന് അതീതമാണെന്നും അംഗീകരിച്ചുകൊണടായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. മറിച്ചായാല്‍ അല്ലാഹുവിന്റെ കൈ, സിംഹാസനം, കേള്‍വി, കാഴ്ച, സ്വര്‍ഗത്തിലെ നദികള്‍, പഴങ്ങള്‍ പോലുള്ള അനേകം ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചേക്കും.
പൂര്‍വിക സമൂഹങ്ങളുടെ നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ അവയുടെ കാലമേതെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ ഗതകാലാനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണട് ജീവിതത്തെ ദീപ്തമാക്കുകയെന്ന ഖുര്‍ആന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ചരിത്രസംഭവങ്ങളെ കാലവുമായി ബന്ധിപ്പിക്കേണടതില്ല. അതുകൊണടുതന്നെ മര്‍മങ്ങളില്‍ ശ്രദ്ധപതിയാന്‍ ആവശ്യമായ സമീപനമാണ് ഖുര്‍ആന്‍ ആദ്യാവസാനം സ്വീകരിച്ചത്.
കാലം കണട ഏറ്റവും കരുത്തുറ്റ വിപ്ളവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്നേഹമയരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി.
സാമൂഹിക ഉച്ചനീചത്വവും സാംസ്കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി.
അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി.
തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്കാരിക-നാഗരികതകള്‍ക്ക് ജന്മമേകി.
സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏകഗ്രന്ഥം ഖുര്‍ആനാണ്. ഒരക്ഷരം പോലും ഒഴിയാതെ എല്ലാം അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അതവകാശപ്പെടുന്നു.
അതോടൊപ്പം നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നു. പരാജിതരായ റോമക്കാര്‍ പത്തുകൊല്ലത്തിനകം ജയിക്കുമെന്ന് പ്രഖ്യാപിക്കുന്നു.
നന്നെ നിസ്സഹായാവസ്ഥയിലായിരുന്ന പ്രവാചകനും അനുചരന്മാരും വിജയം വരിക്കുമെന്നും പ്രഗല്‍ഭരും പ്രബലരുമായ പ്രതിയോഗികള്‍ പരാജിതരാവുമെന്നും പ്രവചിക്കുന്നു.
ദൈവദൂതനെ വധിക്കാന്‍ ശത്രുക്കള്‍ സകലശ്രമവും നടത്തിക്കൊണടിരിക്കെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ എത്രയെത്ര പ്രവചനങ്ങള്‍! ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍ ഖുര്‍ആന്റെ അവകാശവാദങ്ങളൊക്കെ തകര്‍ന്നടിയുമായിരുന്നു. ദൈവികത തീര്‍ത്തും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഖുര്‍ആന്റെ പ്രവചനങ്ങളെല്ലാം പരമാര്‍ഥമായി പുലര്‍ന്നു. ഒന്നുപോലും പിഴച്ചില്ല.
ദൈവികമെന്ന് ഉദ്ഘോഷിച്ചുകൊണടു തന്നെ അത് നിരവധി ശാസ്ത്രസത്യങ്ങള്‍ വെളിപ്പെടുത്തി. അവയൊന്നും അന്ന് നിലവിലുണടായിരുന്ന നിഗമനങ്ങളോ സങ്കല്‍പങ്ങളോ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു. അന്നത്തെ ജനത്തിന് അജ്ഞാതമായിരുന്ന പ്രാപഞ്ചിക സത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത്. പിന്നിട്ട പതിനാല് നൂറ്റാണടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു.
വരുംനൂറ്റാണടുകള്‍ അവക്ക് കൂടുതല്‍ വ്യക്തത നല്‍കും. ഖുര്‍ആന്‍ പറഞ്ഞതൊന്നുപോലും പിഴച്ചിട്ടില്ല. ചരിത്രകഥനത്തിലും ഇതുതന്നെ സംഭവിച്ചു. അന്നത്തെ ജനത്തിനറിയാത്ത പലതും ഖുര്‍ആന്‍ പറഞ്ഞു. നിലവിലുണടായിരുന്ന പല ധാരണകളെയും തിരുത്തി. അതൊക്കെയും അര്‍ഥപൂര്‍ണമായിരുന്നുവെന്ന് പില്‍ക്കാല പഠനങ്ങള്‍ തെളിയിച്ചു.
ഹോമര്‍, റൂമി, ഷേക്സ്പിയര്‍, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍, ടോള്‍സ്റോയി, ഷെല്ലി, എല്ലാവരുടെയും കൃതികള്‍ ഉത്കൃഷ്ടം തന്നെ. എന്നാല്‍, അവരുടെ രചനകളിലെ പല പദങ്ങളും ഇന്ന് പ്രയോഗത്തിലില്ല. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു. യേശുവിന്റെ ഭാഷ-അരാമിക്- ഇന്ന് എവിടെയും നിലവിലില്ല. ബൈബിള്‍ എഴുതപ്പെട്ട ഭാഷയും അവ്വിധം തന്നെ. ഇന്ത്യയിലെ വേദഭാഷയായ സംസ്കൃതവും ഇന്ന് ജീവല്‍ഭാഷയല്ല.
എന്നാല്‍, ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുര്‍ആനിലില്ല. ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുര്‍ആനിന്റേതുതന്നെ.
അതുകൊണടുതന്നെ, ദൈവികമെന്ന അവകാശവാദത്തോടെ സമാനമായ ഒരു ഭാഗമെങ്കിലും കൊണടുവരാന്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇന്നും കരുത്തോടെ നിലനില്‍ക്കുന്നു. അത് സമൂഹ സമക്ഷം സമര്‍പ്പിച്ച സമഗ്രമായ ജീവിത വ്യവസ്ഥ നിത്യനൂതനവും അജയ്യവുമായി നിലകൊള്ളുന്നു. സമകാലീന ലോകം ഉയര്‍ത്തുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും ദൈവിക പരിഹാരം നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ മനുഷ്യരാശിയെ അതിലേക്ക് ക്ഷണിച്ചുകൊണേടയിരിക്കുന്നു.
"ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനും ഓര്‍ക്കാനുമായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണേടാ?'' (ഖുര്‍ആന്‍ 54: 17)
അന്ധകാരം മുറ്റിയ അര്‍ധരാത്രിയില്‍ നാല്‍ക്കവലയിലെത്തി മാര്‍ഗമറിയാതെ വിഷമിക്കുന്ന യാത്രക്കാരനില്‍, വെളിച്ചവുമായി വന്നെത്തുന്ന വഴികാട്ടി ഉണടാക്കുന്ന സന്തോഷം വിവരണാതീതമത്രെ. വിശുദ്ധ ഖുര്‍ആന്‍ അത്തരമൊരു വഴികാട്ടിയാണ്. ലോകത്ത് ഒരുപാട് പാതകളുണട്. പക്ഷേ, വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണെടത്താനാവില്ല. മനുഷ്യന്‍ ആരാണെന്നും എവിടെനിന്ന് വന്നുവെന്നും എങ്ങോട്ടുപോവുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന്‍ അനിവാര്യമാണ്. ഒട്ടും പിഴവുപറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്‍ആന്‍. "ഈ ഖുര്‍ആന്‍ ഏറ്റം ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച. '' (17: 9)
ഖുര്‍ആന്‍ സത്യാസത്യസരണികള്‍ കാണിച്ചുതരുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും അതിരടയാളങ്ങള്‍ നിര്‍ണയിക്കുന്നു. വിധിവിലക്കുകള്‍ പഠിപ്പിക്കുന്നു. സാന്മാര്‍ഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നു. ധാര്‍മിക മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്നു. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികള്‍ ചൂണടിക്കാണിക്കുന്നു. പൂര്‍വസമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളുടെ ചരിത്രവും അതില്‍നിന്ന് ഉള്‍ക്കൊള്ളേണട പാഠങ്ങളും അഭ്യസിപ്പിക്കുന്നു. അതിനാല്‍ മനുഷ്യന്റെ വിജയവും പരാജയവും സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. അത് സകല മനുഷ്യര്‍ക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വൈരത്തോടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന സുഗമമായ മാര്‍ഗം നിര്‍ണയിക്കുന്നു. മരണാനന്തരം മറുലോകത്തുണടാവാനിരിക്കുന്ന ജീവിതത്തില്‍ വിജയം ഉറപ്പുവരുത്തുന്ന ഏക വഴി!
ഖുര്‍ആന്‍ അഗാധമായ ഒരാഴി പോലെയാണ്. എത്രയേറെ ആഴത്തിലേക്ക് ഊളിയിട്ടുചെല്ലുന്നുവോ അത്രയേറെ അമൂല്യമായ മുത്തുകളും ചിപ്പികളും ലഭിക്കും. പുറമെ നോക്കിനില്‍ക്കുന്നവര്‍ക്കും ഉപരിതലത്തില്‍ മാത്രം നീന്തിത്തുടിക്കുന്നവര്‍ക്കും കാര്യമായൊന്നും കിട്ടുകയില്ല. അപ്രകാരം ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നവര്‍ക്കാണ് മഹത്തായ നേട്ടം കിട്ടുക. അതിലെ വാക്യങ്ങളെ സംബന്ധിച്ച പഠനത്തിന്റെയും ചിന്തയുടെയും തോതനുസരിച്ചാണ് ഫലം ലഭിക്കുക. ഓരോ ആവൃത്തി പഠന പാരായണം നടത്തുമ്പോഴും പുതിയ പുതിയ ആശയങ്ങളും തത്വങ്ങളും അറിവുകളും ലഭ്യമാകുന്നു.
ഖുര്‍ആനിലെ വാക്യങ്ങളൊരിക്കലും വ്യാഖ്യാനങ്ങളിലൊതുങ്ങുകയില്ല. അനര്‍ഘമായ ആശയങ്ങളും അറിവുകളും അതില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പുതിയ പഠനവും പരിചിന്തനവും നടത്തുന്ന ആര്‍ക്കും മുന്‍ഗാമികള്‍ കണെടത്തിയിട്ടില്ലാത്ത പല ആശയങ്ങളും ലഭിക്കും. ഖുര്‍ആന്‍ അറിവിന്റെ അക്ഷയനിധിയാണെന്ന് പറയാനുള്ള കാരണവും അതുതന്നെ.
"പറയുക: കടല്‍വെള്ളം എന്റെ നാഥന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ നാഥന്റെ വചനങ്ങളവസാനിക്കും മുമ്പെ സമുദ്രജലം തീര്‍ന്നുപോകുമായിരുന്നു. തുല്യമായ മറ്റൊരു സമുദ്രജലവും കൂടി സഹായത്തിനായി നാം കൊണടുവന്നാലും ശരി.'' (ഖുര്‍ആന്‍ 18: 109)
ഖുര്‍ആന്റെ ആശയംപോലെത്തന്നെ ഭാഷയും അല്ലാഹുവിന്റേതാണ്. അതിനാല്‍ പരിഭാഷക്കു പൂര്‍ണമായും വഴങ്ങുന്ന ഗ്രന്ഥമല്ല ഖുര്‍ആന്‍. അതോടൊപ്പം മാനവസമൂഹത്തെ നേര്‍വഴിയിലേക്കു നയിക്കാനായി ദൈവം നല്‍കിയ ഗ്രന്ഥമെന്ന നിലയില്‍ അതിന്റെ ഉള്ളടക്കം കാല, ദേശ, ഭാഷാ ഭേദമില്ലാതെ ഏവര്‍ക്കും മനസ്സിലാവുകയും വേണം. ഇതു സാധ്യമാവണമെങ്കില്‍ ലോകത്തിലെ എല്ലാ ഭാഷകളിലും ഖുര്‍ആന്റെ ആശയ വിവര്‍ത്തനങ്ങള്‍ പുറത്തുവരേണടതുണട്.
ഈ ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ട ഖുര്‍ആന്റെ ആശയവിവര്‍ത്തനമാണ് വായനക്കാരുടെ കൈകളിലുള്ള ഈ ലളിതസാരം; നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ട ഈഗ്രന്ഥത്തിന്റെ അവസാനത്തെ അഞ്ച് ജുസ്അ് വാക്കര്‍ഥം ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണിത്. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ ബാക്കി ഭാഗം വാക്കര്‍ഥത്തോടെ വൈകാതെ പുറത്തിറക്കുന്നതാണ്.
ഇതിന്റെ ഭാഷാപരിഷ്കരണത്തില്‍ സഹായിച്ചത് പ്രിയസുഹൃത്ത് വാണിദാസ് എളയാവൂരാണ്.
ഏതു സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന ശൈലിയാണ് ഇതില്‍ സ്വീകരിച്ചത്. കുറ്റമറ്റതും തെളിമലയാളത്തില്‍ തടസ്സമില്ലാതെ വായിക്കാന്‍ കഴിയുന്നതുമായിത്തീരാന്‍ പരമാവധി ശ്രമിച്ചിട്ടുമുണട്. എങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുണട്. ഉള്ളടക്കത്തിലോ ഭാഷയിലോ ശൈലിയിലോ പ്രയോഗത്തിലോ വല്ല വീഴ്ചകളും ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാനും യുക്തമെന്നു തോന്നുന്ന തിരുത്തലുകള്‍ നിര്‍ദേശിക്കാനും ദയവുണടാവണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
ഇതിന്റെ സൂക്ഷ്മ പരിശോധനയില്‍ പങ്കുവഹിച്ച പ്രമുഖ പണ്ഡിതന്മാരായ കെ.ടി. അബ്ദുര്‍റഹീം സാഹിബ് ശാന്തപുരം, എ. മുഹമ്മദലി സാഹിബ്, വി.കെ. അലി സാഹിബ്, അബ്ദുര്‍റഹ്മാന്‍ മുന്നൂര് എന്നിവരോട് അനല്‍പമായ കടപ്പാടുണട്.
ഇതിന്റെ പ്രിന്റ് എഡിഷന്‍ വായിക്കുകയും ഭംഗിയായി രൂപകല്‍പന നല്‍കുകയും ചെയ്ത സലീം മുണടുമുഴി, പ്രൂഫ് പരിശോധിച്ച സി.പി. ജൌഹര്‍, എന്‍.കെ. അബ്ദുല്‍ മജീദ്, എം.എസ്. അബ്ദുര്‍റശീദ്, ഡി.ടി.പി. ജോലി നിര്‍വഹിച്ച സമീര്‍ ചേന്ദമംഗല്ലൂര്‍, അമീന്‍ എന്‍.പി, ആര്‍ട്ടിസ്റ് നാസര്‍ എരമംഗലം എന്നിവരോടും നന്ദിയുണട്.
ഇതിന്റെ വെബ് എഡിഷന്‍ കെ.ടി ഹനീഫ്, കെ. എ. നാസര്‍, നബീല്‍ കല്ലായില്‍ എന്നിവരും പി. ഡി.എഫ് വേര്‍ഷന്‍ കെ. സുഹൈറലിയുമാണ് തയ്യാറാക്കിയത്. അല്ലാഹു എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
സര്‍വശക്തനായ നാഥാ, നിന്റെ വചനങ്ങളുടെ ആശയം പ്രകാശിപ്പിക്കുന്നതില്‍ വല്ല പിഴവും പറ്റിയിട്ടുണെടങ്കില്‍ പൊറുത്തുതരേണമേ. നിന്റെ ഗ്രന്ഥത്തിന്റെ ഉള്ളടക്കം മലയാളികളിലെങ്ങും വ്യാപകമായി പ്രചരിക്കാന്‍ ഇത് ഉപകരിക്കുമാറാകേണമേ. പരലോകത്ത് നിന്റെ സന്നിധിയിലെത്തുമ്പോള്‍ ഇത് മഹത്തായ സല്‍ക്കര്‍മമായി സ്വീകരിച്ച് അളവറ്റ പ്രതിഫലം നല്‍കി അനുഗ്രഹിക്കേണമേ.
വെള്ളിമാടുകുന്ന് -ശൈഖ് മുഹമ്മദ് കാരകുന്ന്
06..01.2010
|
|